കൊമേഴ്സ്യൽ ബഹിരാകാശ വാഹനങ്ങളിൽ സുനിത വില്യംസ് ഉൾപ്പെടെ എട്ടു ബഹിരാകാശ സഞ്ചാരികളെ നാസ അയയ്ക്കുന്നു. 2011ൽ നാസയുടെ ബഹിരാകാശ പേടകം ദൗത്യത്തിൽനിന്നു നീക്കിയതിനുശേഷം ഇതാദ്യമായാണ് മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്.
കൊമേഴ്സ്യൽ കമ്പനികളുടെ പേടകം ഉപയോഗിക്കുന്നു എന്നതാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത. അടുത്ത വർഷം ബോയിംഗ്, സ്പേസ് എക്സ് കമ്പനികളുടെ പേടകങ്ങളിലാണ് സഞ്ചാരികൾ ബഹിരാകാശത്തേക്ക് പോകുക.
“”ബഹിരാകാശ ദൗത്യങ്ങളിൽ അമേരിക്ക തിരിച്ചുവരുന്നു. അമേരിക്കൻ സഞ്ചാരികൾ, അമേരിക്കൻ റോക്കറ്റിൽ, അമേരിക്കൻ മണ്ണിൽനിന്ന് യാത്രതിരിക്കും”- നാസയുടെ അഡ്മിനിസ്ട്രേറ്റർ ജിം ബ്രൈഡെൻസ്റ്റൈൻ ടെക്സസിലെ ഹൂസ്റ്റണിൽ നടന്ന ചടങ്ങിൽ പറഞ്ഞു.
എറിക് ബോ, ക്രിസ്റ്റഫർ ഫെർഗുസൺ, നികോളെ ഒനാപുമൻ, റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹേർലി, ജോസ് കസാഡ, സുനിത വില്യംസ്, വിക്ടർ ഗ്ലോവർ, മൈക്കിൾ ഹോപ്കിൻസ് എന്നിവരാണ് അടുത്ത വർഷം മധ്യത്തോടെയുള്ള ദൗത്യത്തിന്റെ ഭാഗമാകുക.
യാത്രക്കാരില്ലാതെയുള്ള ഒർബിറ്റൽ ഫ്ലൈറ്റ് ഈ വർഷം അവസാനത്തോടെയുണ്ടാകും. സ്പേസ് എക്സിന്റെ ആദ്യ ക്രൂ ടെസ്റ്റുകൾ റോബർട്ട് ബെൻകെൻ, ഡഗ്ലസ് ഹർലി എന്നിവരുടെ നേതൃത്വത്തിലാണ് നടക്കുക.