യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടിംഗും ക്രിസ്മസ് ആഘോഷവും ബഹിരാകാശത്തു നടത്തിയശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമറും ഒന്‍പതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്.
സുനിതയെയും വിൽമറിനെയും തിരികെ ഭൂമിയിലെത്തിക്കുന്നതിനുള്ള നാസയുടെയും സ്പേസ് എക്സിന്റെയും സംയുക്ത സംരംഭമായ ഡ്രാഗണ്‍ ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരുന്നു. ഏഴു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിയ സുനിതയ്ക്കും വിൽമോറിനും പേടകത്തിന്റെ തകരാറിനെത്തുടർന്ന് 287 ദിവസം നിലയത്തിൽ ചെലവഴിക്കേണ്ടിവന്നു.
ബോയിംഗ്-നാസ സ്റ്റാർലൈനറിലായിരുന്നു സുനിതയുടെയും വിൽമോറിന്റെയും യാത്ര. ബഹിരാകാശ ഗവേഷണങ്ങൾക്ക് സ്വകാര്യപങ്കാളിത്തം നൽകുകയെന്ന യുഎസ് ഭരണകൂടത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ബോയിംഗും ഇലോണ്‍ മസ്കിന്റെ സ്പേക്സ് എക്സും നാസയുമായി സഹകരിക്കുന്നത്. വിശ്വസ്ത കന്പനിയായ ബോയിംഗിൽ നാസ കൂടുതൽ പണം മുടക്കിയെങ്കിലും സാങ്കേതികവിദ്യയിൽ സ്പേസ് എക്സിനായിരുന്നു മുൻതൂക്കം.
2024 ജൂണ്‍ അഞ്ചിന് ബോയിംഗ് സ്റ്റാർലൈനിൽ സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിലെത്തി. എന്നാൽ, 2024 ജൂണ്‍ 14ന് മടക്കയാത്ര നിശ്ചയിച്ചെങ്കിലും ഡോക്ക് ചെയ്ത പേടകത്തിൽ തകരാർ സംഭവിച്ചു. സുനിതയെയും വിൽമോറിനെയും മടക്കിക്കൊണ്ടുവരാൻ പേടകം അയയ്ക്കുമെന്ന് പലതവണ നാസ വ്യക്തമാക്കിയെങ്കിലും സാങ്കേതിക തകരാറിനെത്തുടർന്ന് വിക്ഷേപണം മാറ്റിവയ്ക്കേണ്ടി വന്നു. പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്പോൾ ഘർഷണം മൂലം തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടെന്നതുമാത്രമാണ് മടങ്ങിവരവിലെ ഏക വെല്ലുവിളി.
മടക്കം 17 മണിക്കൂർ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഇന്നലെ രാവിലെ 10.35ന് അണ്‍ഡോക്ക് (വിച്ഛേദിച്ച) ചെയ്ത പേടകം 17 മണിക്കൂറിനു ശേഷമാണ് ഭൂമിയിൽ ലാൻഡ് ചെയ്യുക. സുനിതയും വിൽമോറും മറ്റു രണ്ടു സഞ്ചാരികളും ഇന്നലെ രാവിലെ 8.35 ഓടെ ഡ്രാഗണ്‍ പേടകത്തിൽ പ്രവേശിച്ചു. മൊഡ്യുൾ ലോക്ക് ചെയ്തതിനുശേഷം 10.35 ഓടെ ഭൂമിയിലേക്കുള്ള സഞ്ചാരത്തിനായി പേടകം അന്താരാഷ്ട്ര നിലയത്തിൽനിന്ന് അണ്‍ഡോക്ക് ചെയ്തു. ഇന്നു പുലർച്ചെ 3.27ന് ഫ്ളോറിഡയുടെ തീരത്ത് ലാൻഡ് ചെയ്യുംവിധമാണ് പേടകത്തിന്റെ സഞ്ചാരം.
ശന്പളവും അലവൻസും
അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും ഉയർന്ന ശന്പളമായ ജിഎസ്-15 ഗ്രേഡ് പേ ശന്പളമാണ് സുനിത വില്യംസിനും ബുച്ച് വിൽമോറിനും ലഭിക്കുക. ഏകദേശം ഒന്നരക്കോടി രൂപയോളം വാർഷിക ശന്പളമായി ലഭിക്കും. ബഹിരാകാശത്ത് യാത്രികർ തങ്ങുന്ന ദിവസത്തിന് നാലു ഡോളർ (ഏകദേശം 350 രൂപ) വീതം അധികമായി നൽകും. 287 ദിവസം ബഹിരാകാശത്തു തങ്ങിയ സുനിതയ്ക്കും വിൽമോറിനും 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) ലഭിക്കും.
ആരോഗ്യപ്രശ്നങ്ങൾ
ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ മടങ്ങിയെത്തുന്പോൾ ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാം. ദീർഘനാൾ ഗുരുത്വാകർഷണ ബലമില്ലാത്ത സ്ഥലത്തെ താമസം മൂലം അസ്ഥികൾക്കും പേശികൾക്കും ബലക്കുറവ് വരും. പേശികൾക്കു ക്ഷതവും അസ്ഥികൾക്കു സാന്ദ്രത കുറയുന്നതു മൂലം ഒടിവും സംഭവിച്ചേക്കാം. ഹൃദയം, വൃക്ക, കണ്ണ് എന്നിവയുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും.
മർദവ്യതിയാനം നേരിടുന്നതിനാൽ രക്തചംക്രമണ വ്യവസ്ഥയിലും മാറ്റം സംഭവിക്കാൻ സാധ്യതയുണ്ട്. കുടുംബത്തെയും സാമൂഹിക ചുറ്റുപാടിനെയും ഉപേക്ഷിച്ച് ഏകാന്തതയിൽ വളരെക്കാലം തങ്ങേണ്ടിവരുന്നതിനാൽ വിഷാദം അടക്കമുള്ള മാനസികപ്രശ്നങ്ങൾ നേരിടും. പല ബഹിരാകാശ സഞ്ചാരികളും വിഷാദരോഗത്തിന് അടിമകളായിരുന്നു.
ഇന്ത്യയുടെ പ്രശസ്തയായ മകൾ, വിൽമോർ മികച്ച നാവികൻ
ഇന്ത്യൻ വംശജനായ ന്യൂറോ സയന്റിസ്റ്റ് ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയൻ വംശജയായ ബോണിയുടെയും മകളായി 1965ൽ ഒഹായോയിലെ യൂക്ലിഡിലാണ് സുനിതയുടെ ജനനം. നേവി പൈലറ്റായ സുനിത പോലീസ് ഓഫീസറായ ഭർത്താവ് മൈക്കിൾ ജെ. വില്യംസിനൊപ്പമാണ് കഴിയുന്നത്. മക്കളില്ലാത്ത ദന്പതികൾ വളർത്തുനായ്ക്കളെ പരിപാലിച്ചു പോരുന്നു.
വളർത്തുനായ കടൽത്തീരത്ത് ഓടുന്ന ചിത്രം ബഹിരാകാശ നിലയത്തിൽ കഴിയവേ സുനിത സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 1998ൽ നാസയിൽ ചേർന്ന സുനിത നാലു ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. സുനിത വില്യംസിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നെന്നും രാജ്യം പ്രാർഥനയോടെ കാത്തിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രി മോദി ഇന്നലെ പറഞ്ഞു. ഇന്ത്യയുടെ പ്രശസ്തയായ മകളുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
1972, 2007, 2013 വർഷങ്ങളിൽ സുനിത ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. സുനിതയുടെ മടങ്ങിവരവിനായി പിതാവിന്റെ ഗ്രാമമായ ഗുജറാത്തിലെ ജുലാസൻ പ്രാർഥനയിലാണ്. നാസയുടെ മൂന്നു ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായ നേവി ഫൈറ്റർ പൈലറ്റാണ് ബാരി യൂജിൻ ബുച്ച് വിൽമോർ. 8,000 മണിക്കൂറിലേറെ വിമാനം പറത്തി പരിചയമുള്ള വിൽമോർ 663 തവണ യുദ്ധവിമാനം വിമാനവാഹിനിയിൽ ലാൻഡ് ചെയ്യിച്ചിട്ടുണ്ട്. 2000 മുതൽ നാസയുടെ ഭാഗമായി പ്രവർത്തിക്കുന്നു.
സെബിൻ ജോസഫ്