വാഷിംഗ്ടൺ: ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറുമൂലം കഴിഞ്ഞ അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെയും സഹയാത്രികൻ ബാരി വിൽമോറിന്റേയും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
ചിത്രങ്ങൾ പുറത്തു വന്നതോടെ സുനിതയുടെ ആരോഗ്യ നിലയെ സംബന്ധിച്ച് നിരവധി ആശങ്കകളാണ് ഉയരുന്നത്. എട്ട് ദിവസം മാത്രം ബഹിരാകാശ നിലയത്തിൽ കഴിയുക എന്ന ലക്ഷ്യത്തോടെ പോയ രണ്ട് ബഹിരാകാശയാത്രികർ ഇവർക്ക് തിരിച്ചുവരാനുള്ള ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോര്‍ച്ചയും കാരണം മടങ്ങിവരാൻ സാധിക്കാതെ 153 ദിവസമായി അവിടെ കഴിയുകയാണ്. ചിത്രങ്ങൾ പുറത്തായതോടെ ഡോക്ടർമാർ അവരുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരാണ്.
പുതിയ ചിത്രങ്ങളിൽ കവിളുകൾ രണ്ടും ഒട്ടി കണ്ണുകൾ കുഴിഞ്ഞ് വളരെ ക്ഷീണിതരായാണ് ഇരുവരും കാണപ്പെടുന്നത്. ഇരുവരുടേയും ആരോഗ്യകാര്യത്തിൽ ആശങ്കയുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഉടൻ ഒരു അപകട സാധ്യത കാണുന്നില്ലെങ്കിലും നിലവിലെ സാഹചര്യം തുടർന്നാൽ ആശങ്കകൾക്കിടയാകുമെന്ന് സിയാറ്റിലിലെ ഡോക്ടറായ വിനയ് ഗുപ്ത പറഞ്ഞു. കലോറിയുടെ അപര്യാപ്തത മൂലമാകാം ഇരുവരുടേയും കവിളുകൾ ഒട്ടിയിരിക്കുന്നതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.