ഒമ്പതു മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കുന്നതിന്റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 വിജയകരമായി വിക്ഷേപിച്ചു. ഫാൽക്കണ് 9 റോക്കറ്റിൽ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 4.33ന് കുതിച്ചുയർന്ന പേടകത്തിൽ നാല് ബഹിരാകാശ യാത്രികരുണ്ട്.
കഴിഞ്ഞ വർഷം ജൂൺ അഞ്ചിന് ഭൂമിയില്നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്ന ക്രൂ 9 സംഘത്തിലെ അംഗങ്ങളായ സുനിത വില്യംസിനെയും ബുച്ച് വില്മോറിനെയും തിരിക കൊണ്ടുവരികയാണ് ക്രൂ 10 ന്റെ പ്രധാന ലക്ഷ്യം. തടസങ്ങൾ ഉണ്ടായില്ലെങ്കിൽ മാര്ച്ച് 19ന് ഇവർ തിരിച്ചെത്തിയേക്കും.
എട്ടു ദിവസത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്ലൈനര് പേടകത്തില് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്മോറും പേടകത്തിലെ സാങ്കേതിക പ്രശ്നം കാരണം തിരിച്ചുവരാനാകാതെ അവിടെ കുടുങ്ങുകയായിരുന്നു. ഇരുവരെയും മടക്കിക്കൊണ്ടുവരാന് പലതവണ നാസ ശ്രമിച്ചുവെങ്കിലും അപകട സാധ്യത മുന്നില്ക്കണ്ട് മടക്കയാത്ര നീട്ടിവച്ചു. തുടർന്ന് ആളില്ലാതെ പേടകം തിരികെ ഭൂമിയിലെത്തിച്ചു.
ഇന്നു പുലർച്ചെ വിക്ഷേപിച്ച പേടകത്തിൽ നാസയുടെ ബഹിരാകാശ യാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാപ്പനീസ് ബഹിരാകാശ ഏജൻസി ബഹിരാകാശയാത്രികൻ തകുയ ഒനിഷി, റോസ്കോസ്മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്കോവ് എന്നിവരാണുള്ളത്. ക്രൂ 10 ബഹിരാകാശ ഗവേഷണ ദൗത്യത്തില് ഉൾപ്പെട്ടവരാണ് ഇവർ.
ഈ സംഘം ഐഎസ്എസില് എത്തിയാലാണ് സുനിത വില്യംസും ബുച്ച് വില്മോറും അടങ്ങുന്ന ക്രൂ 9 സംഘം ഭൂമിയിലേക്കു മടങ്ങുക. ഇവര്ക്കൊപ്പം ബഹിരാകാശനിലയത്തിലുള്ള നാസയുടെ നിക്ക് ഹേഗും, റോസ്കോസ്മോസിന്റെ അലക്സാണ്ടര് ഗോര്ബനോവും പേടകത്തിൽ ഭൂമിയിലേക്കു മടങ്ങും. മറ്റുള്ളവർ അവിടെ തുടരും.