അന്‍പത്തൊന്‍പതുകാരിയായ സുനിത വില്യംസിന്റെയും 62കാരനായ ബുച്ച് വിൽമോറിന്റെയും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐഎസ്എസ്) ജീവിതം നിർണായകദൗത്യങ്ങളും അവിസ്മരണീയമായ അനുഭവങ്ങളും നിറഞ്ഞതായിരുന്നു.
286 ദിവസം നീണ്ട ഇവിടത്തെ താമസത്തിനിടെ ബഹിരാകാശനിലയത്തിന്റെ പരിപാലനത്തിൽ ഇരുവരും നിർണായക പങ്കാണു വഹിച്ചത്. ഒന്നിലധികം ബഹിരാകാശ നടത്തങ്ങളിൽ ഇവർ ഏർപ്പെട്ടു. മൈക്രോഗ്രാവിറ്റിയിലെ ബഹിരാകാശ കൃഷി, ശാരീരിക ആരോഗ്യം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടെ 150ലേറെ പരീക്ഷണങ്ങൾ നടത്തി.
ബഹിരാകാശനിലയത്തിലിരുന്ന് ഭൂമിയുമായി അവർ നിരന്തരം ബന്ധം പുലർത്തിയിരുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുവരും വോട്ട് ചെയ്തു. ദീപാവലി, ക്രിസ്മസ്, പുതുവത്സര ആശംസകൾ സുനിത വില്യംസ് ഭൂമിയിലേക്ക് അയച്ചു. സീറോ ഗ്രാവിറ്റിയിൽ ക്രിസ്മസ് അത്താഴം കഴിച്ചു. 2024ലെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നവർക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രത്യേക സന്ദേശങ്ങളും അയച്ചു.
തന്റെ പേരിലുള്ള സ്കൂളിലെ വിദ്യാർഥികളുമായി സുനിത വില്യംസ് സംവദിക്കുകയും ശാസ്ത്രവും ബഹിരാകാശ പര്യവേഷണവും പിന്തുടരാൻ യുവമനസുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുടുംബവുമായും മുടക്കമില്ലാതെ ആശയവിനിമയം നടത്തി. മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ ഭാരോദ്വഹനമുള്പ്പെടെയുള്ള വ്യായാമങ്ങള്‍ ഇരുവരും പതിവായി ചെയ്യാറുണ്ടായിരുന്നു. ദിവസേനെ എട്ടരമണിക്കൂറായിരുന്നു ഉറക്കം.
ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങളും മറ്റ് വസ്തുക്കളും ഭൂമിയില്‍നിന്ന് മൂന്നു മാസത്തിലൊരിക്കൽ എത്തിച്ചുനല്‍കുകയായിരുന്നു. മാംസം, മുട്ട തുടങ്ങിയവ ഭൂമിയിൽനിന്നു പാകം ചെയ്താണ് എത്തിച്ചിരുന്നത്. കറികൾ, സൂപ്പുകൾ, സ്റ്റൂ തുടങ്ങിയവ വെള്ളം ചേർത്ത് കഴിക്കാൻ പാകത്തിൽ പൊടിയാക്കിയും എത്തിച്ചിരുന്നു. സ്വന്തമായി ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന സംവിധാനങ്ങളും ബഹിരാകാശ നിലയത്തിലുണ്ടായിരുന്നു. പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡില്നിന്നുതന്നെ ഏകദേശം 50 ശതമാനം ഓക്സിജന്‍ വീണ്ടെടുക്കും.
മൂത്രത്തെ കുടിവെള്ളമാക്കി മാറ്റുന്ന ഒരു പുനരുപയോഗ സംവിധാനമാണ് വെള്ളത്തിനായി ഉപയോഗിക്കുന്നത്. ശ്വാസത്തില്‍നിന്നും വിയര്പ്പില്നിന്നുമുള്ള ഈര്‍പ്പവും വെള്ളമാക്കുന്ന മറ്റൊരു സംവിധാനവും ബഹിരാകാശനിലയത്തിലുണ്ട്. 109 മീറ്റര്‍ നീളമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിനുള്ളത്. ആറ് കിടപ്പുമുറികളുള്ള രണ്ടുനില വീടിന്റെ വിസ്തീർണം.
ആറ് സ്ലീപ്പിംഗ് ക്വാര്‍ട്ടേഴ്സുകള്‍, രണ്ട് കുളിമുറികള്‍, ഒരു ജിം, 360 ഡിഗ്രി വ്യൂ ബേ വിന്‍ഡോ എന്നിവയെല്ലാമുണ്ട്. വില്യംസും വില്‍മോറും ഒറ്റയ്ക്കായിരുന്നില്ല. വ്യത്യസ്ത ദൗത്യങ്ങളില്‍നിന്നുള്ള മറ്റ് ഏഴ് ബഹിരാകാശയാത്രികരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നാല് അമേരിക്കക്കാരും മൂന്ന് റഷ്യക്കാരും.