ഡി. ദിലീപ്
തിരുവനന്തപുരം: മീനച്ചൂടിൽ ഉരുകി കേരളം. പകൽ താപനിലയ്ക്കൊപ്പം രാത്രി താപനിലയിലും കാര്യമായ വർധനയുണ്ടായതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചൂട് അസഹ്യമായി മാറുകയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങളിലും കൂടിയ താപനില 39 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി. 39.5 ഡിഗ്രിയാണ് പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില.
പുനലൂരിൽ ഇത് 38.6 ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ കോട്ടയത്തു പകൽ താപനില 37.2 ഡിഗ്രി സെൽഷ്യസായി. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉഷ്ണതരംഗ സാധ്യത പ്രവചിക്കപ്പെട്ടിരുന്ന കോഴിക്കോട് ജില്ലയിൽ കൂടിയ താപനില 36 ഡിഗ്രിസെൽഷ്യസിനു മുകളിലെത്തി.
ഏപ്രിൽ രണ്ടാമത്തെ ആഴ്ച വരെ ചൂട് ഉയരാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യതാപമേൽക്കാൻ സാധ്യയുള്ള ദിവസങ്ങളാണ് വരാൻ പോകുന്നതെന്നും അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകി.
മീനമാസം ആരംഭിച്ചപ്പോൾതന്നെ ചൂടു ക്രമാതീതമായി വർധിച്ചത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മിക്കയിടങ്ങളിലും പകൽ താപനിലയ്ക്കൊപ്പം രാത്രി താപനിലയും റിക്കാർഡിനോട് അടുക്കുകയാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകളും വ്യക്തമാക്കുന്നു.
38.6 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ പുനലൂരിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. 40.6 ഡിഗ്രി സെൽഷ്യസാണ് മാർച്ച് മാസത്തിൽ പുനലൂരിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള റിക്കാർഡ് താപനില. അതാകട്ടെ രണ്ടു ദിവസങ്ങളിൽ മാത്രമായിരുന്നു;
1983 മാർച്ച് 31 നും 1992-മാർച്ച് 29 നും. 2019-മാർച്ച് 26 ന് കൂടിയ താപനില 39.5 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. ഇത് ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെൽഷ്യസ്.
1981 മുതൽ 2010 വരെയുള്ള കാലയളവിൽ പുനലൂരിൽ മാർച്ച് മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ശരാശരി താപനില 36.4 ഡിഗ്രിയുമാണ്. ഇതിൽ നിന്നും 2.2 ഡിഗ്രി സെൽഷ്യസിന്റെ വർധനവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ മാർച്ച് മാസത്തിലെ ചൂട് സർവകാല റിക്കാർഡിലെത്തിയത് 2016-മാർച്ച് 14 നാണ്. 38.6 ഡിഗ്രി സെൽഷ്യസാണ് അന്നു ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ഇന്നലെ ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസാണ്.
കോട്ടയത്ത് ഇന്നലെ രേഖപ്പെടുത്തിയ കൂടിയ ചൂട് 37.2 ഡിഗ്രി സെൽഷ്യസായിരുന്നു. ഇതും റിക്കാർഡിന് അടുത്താണ്. 2004 മാർച്ച് ഒൻപത്, 2018 മാർച്ച് ഒൻപത്, 2019 മാർച്ച് 27 എന്നീ ദിവസങ്ങളിൽ രേഖപ്പെടുത്തിയ 38.5 ഡിഗ്രി സെൽഷ്യസാണ് ഇന്നേവരെ കോട്ടയത്ത് അനുഭവപ്പെട്ടിട്ടുള്ള ഏറ്റവും കൂടിയ ചൂട്.
കണ്ണൂരിൽ ഇന്നലെ കൂടിയ ചൂട് 35 ഡിഗ്രി സെൽഷ്യസിലെത്തി. 2016 മാർച്ച് 12ൽ രേഖപ്പെടുത്തിയ 39.1 ഡിഗ്രിയാണ് കണ്ണൂരിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട്.
കൊച്ചിൽ കൂടിയ താപനില 35.4 ഡിഗ്രിയിലെത്തി. കഴിഞ്ഞ വർഷം മാർച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനിലയായ 35 ഡിഗ്രി സെൽഷ്യസിനെ മറികടന്നാണ് ഇക്കുറി താപനില ഉയരുന്നത്. ഇതോടെ കൊച്ചിയിലെ താപനിലയും സർവകാല റിക്കാർഡിനോട് അടുക്കുകയാണ്.
2014 മാർച്ച് 19 ന് രേഖപ്പെടുത്തിയിട്ടുള്ള 36 ഡിഗ്രി സെൽഷ്യസാണ് കൊച്ചിയിൽ ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കൂടിയ ചൂട്. തിരുവനന്തപുരത്തുകൂടിയ ചൂട് 35.6 ഡിഗ്രിയായി. 1988 മാർച്ച് 16 ന് രേഖപ്പെടുത്തിയ 37.7 ഡിഗ്രി സെൽഷ്യസാണു തിരുവനന്തപുരത്തു രേഖപ്പെടുത്തിയിട്ടുള്ള, മാർച്ച് മാസത്തിലെ ഏറ്റവും കൂടിയ താപനില.
മറ്റ് ജില്ലകളിൽ കൂടിയ താപനിലയിൽ ശരാശരി രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടായതായും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാനിടയുണ്ടെന്നാണു നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.