തിരുവല്ല: കടപ്രയിലെ സ്വകാര്യസ്ഥാപനത്തിന്റെ മാലിന്യ പ്ലാന്റിനെതിരെ ഉയര്‍ന്ന പരാതി അന്വേഷിക്കാനെത്തിയ തിരുവല്ല സബ് കളക്ടറുടെ സംഘത്തിലെ പോലീസുകാരന് മാലിന്യക്കുഴിയില്‍ കുടുങ്ങി.
സംഘം പരിശോധനയ്ക്കെത്തുന്നതറിഞ്ഞ് മണ്ണും പുല്ലു ഉപയോഗിച്ച് മൂടിയിട്ടിരുന്ന കുഴിയിലേക്കാണ് പോലീസുകാരന്റെ കാല് അകപ്പെട്ടത്.ഇതേത്തുടര്‍ന്ന് സ്ഥാപനത്തിന്റെ ഭാഗമായ ബോര്‍മയുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവയ്ക്കാന്‍ സബ്കളക്ടര്‍ ഉത്തരവായി.
മാലിന്യപ്ലാന്റില്‍ നിന്നുള്ള അസഹനീയമായ ദുര്‍ഗന്ധം കാരണമുള്ള ബുദ്ധിമുട്ടും മലിനജലം കോലറയാറിലേക്ക് ഒഴുകിയെത്തുന്നുവെന്ന പരാതിയും അന്വേഷിക്കാനാണ് സബ്കളക്ടറും സംഘവുമെത്തിയത്.
സമീപവാസികള്‍ പത്തനംതിട്ട കളക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
പരിശോധനയ്ക്കു സബ് കളക്ടറും സംഘവും വരുന്നുവെന്നറിഞ്ഞതിനേ തുടര്‍ന്ന് മാലിന്യപ്ലാന്റിനു മുകളില്‍ മണ്ണും പുല്ലുകളും മറ്റുമിട്ടു മറച്ചിട്ടിരിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.
കോലറയാറിന്റെ കൈവഴിക്കു ചുറ്റും ഉള്ള കിണറുകളിലെ വെള്ളവും മലിനപ്പെടുന്നുവെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.