തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില മൂന്നു ഡിഗ്രി സെൽഷസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. 39 ഡിഗ്രി ചൂടാണ് ഇന്നലെ ജില്ലയിൽ അനുഭവപ്പെട്ടത്. പുനലൂരിൽ 37.2 ഉം ആലപ്പുഴയിൽ 37 ഉം ഡിഗ്രി ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്.
അതേസമയം ഇന്നലെ സംസ്ഥാനത്ത് 32 പേർ സൂര്യാതപത്തിൽ പൊള്ളലേറ്റ് ചികിത്സ തേടി. പാലക്കാട് ഒൻപതും, ആലപ്പുഴയിൽ എട്ടും പേർക്കാണ് പൊള്ളലേറ്റത്. കോഴിക്കോട് ജില്ലയിൽ നാലും പത്തനംതിട്ടയിൽ മൂന്നും എറണാകുളം, മലപ്പുറം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ രണ്ടു പേർക്കു വീതവും പൊളളലേറ്റു. ഇന്നലെ മാത്രം സൂര്യാതപവുമായി ബന്ധപ്പെട്ടുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വിവിധ ജില്ലകളിലായി 53 പേർ ചികിത്സ തേടിയതായും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.