രാജാക്കാട്: ഉടമ അറിയാതെ മൊബൈൽ നന്പരിൽ മറ്റൊരാൾ കോവിഡ് വാക്സിൻ എടുത്തതായി ആക്ഷേപം.
കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ തന്റെ മൊബൈൽ നന്പർ ഉപയോഗിച്ച് മറ്റാരോ വാക്സിൻ സ്വീകരിച്ചതായി തെളിഞ്ഞുവെന്ന് സേനാപതി മാങ്ങാത്തൊട്ടി തേവരുപാറയിൽ ടി.വി. സണ്ണി പറയുന്നു.
വാക്സിൻ എടുക്കുന്നതിനായി കഴിഞ്ഞദിവസം സണ്ണി തന്റെ മൊബൈൽ നന്പർ നൽകി ഓണ്‍ലൈനിൽ രജിസ്റ്റർചെയ്തു.
ഫോണിൽ ലഭിച്ച ഒടിപി നന്പർ എന്റർചെയ്തപ്പോഴാണ് ഇതേ സിം നന്പറിൽ മറ്റാരോ രജിസ്റ്റർചെയ്ത് വാക്സിൻ എടുത്തതായി കണ്ടത്.
പതിനഞ്ച് വർഷമായി ഉപയോഗിക്കുന്ന സിമ്മാണെന്നും സമീപകാലത്തൊന്നും തന്റെ നന്പരിലേക്ക് ഒടിപി വന്നിട്ടില്ലെന്നും സണ്ണി പറയുന്നു. സംഭവത്തെക്കുറിച്ച് സേനാപതി സെക്ടറൽ ഓഫീസറെ അറിയിച്ചതായി സണ്ണി പറഞ്ഞു.