മുക്കം: സുന്നികളിലെ ഇരുവിഭാഗങ്ങളായ എപി-ഇകെ ഐക്യത്തിന് മുൻപന്തിയിൽനിന്ന് പ്രവർത്തിക്കുന്ന സമസ്ത ഇകെ വിഭാഗം നേതാവിനെ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് പുറത്താക്കിയത് വിവാദത്തിൽ.
സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി ഐക്യ ശ്രമങ്ങൾക്ക് മുൻപന്തിയിൽനിന്ന് പ്രവർത്തിക്കുന്ന നേതാവുമായ മുക്കം സ്വദേശി ഉമർ ഫൈസിയെയാണ് സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് കഴിഞ്ഞ ദിവസം നീക്കിയത്.
സമസ്തയുടെ പോഷക സംഘടന ഭാരവാഹികളെ കീ പോസ്റ്റിൽ നിന്നും മാറ്റാറില്ലെന്ന കീഴ്വഴക്കം നിലനിൽക്കെയാണ് ഈ നടപടി. രണ്ട് വർഷം മുൻപ് സുന്നി മഹല്ല് ഫെഡറേഷന്റെ നേതൃ സ്ഥാനം ഏറ്റെടുത്ത ശേഷം “ലൈറ്റ് ഓഫ് മദീന’ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പാക്കി ഏറെ ജനകീയത കൈവരിച്ച നേതാവിനെയാണ് ഐക്യശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരിക്കുന്നത്.
ഇതിനെതിരെ സുന്നി യുവജന സംഘം ഉൾപ്പെടെയുള്ള സംഘടനകളിൽ നിന്ന് പ്രതിഷേധമുയർന്ന് തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച ചേളാരിയിൽ ചേർന്ന യോഗമാണ് ഉമർ ഫൈസിയെ നീക്കിയത്. ചെമ്മുക്കൽ കുഞ്ഞാപ്പു ഹാജിയാണ് പുതിയ ജനറൽ സെക്രട്ടറി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തിരുവമ്പാടിയിലെ ഇടത് സ്ഥാനാർഥിക്കായി പ്രവർത്തിച്ചതുൾപ്പെടെയുള്ള ആരോപണങ്ങൽ നേരിട്ടിട്ടുള്ള ഉമർ ഫൈസി നേരത്തെ തന്നെ ലീഗിന്റെ കണ്ണിലെ കരടാണ്. കഴിഞ്ഞ വർഷം മുക്കത്ത് നടന്ന എസ്എംഎഫ് സമ്മേളനത്തിൽ പാണക്കാട് കുടുംബത്തിനെതിരേയും ഉമർ ഫൈസി ശക്തമായ ഭാഷയിൽ പ്രസംഗിച്ചിരുന്നു.
മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ, വഖഫ് ബോർഡ് ചെയർമാൻ റഷീദലി തങ്ങൾ എന്നിവർക്കെതിരെയാണ് അന്ന് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നത്. മുജാഹിദ് പ്രസ്ഥാനവുമായി മുസ്ലിം ലീഗിലെ പാണക്കാട് കുടുംബം പുലർത്തുന്ന അടുപ്പത്തിനും ഉമർ ഫൈസി എതിരായിരുന്നു. ഈയൊരു അവസ്ഥയിലാണ് ലീഗ് നേതൃത്വം അവസരോചിതമായി ഇടപെട്ട് ഉമർ ഫൈസിയെ പുറത്താക്കിയത്.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കെതിരേയും സുന്നി ഐക്യത്തിന് എതിര് നിൽക്കുന്നതായി ആരോപിച്ച് ഉമർ ഫൈസി രംഗത്ത് വന്നിരുന്നതും തിരക്കിട്ട നടപടിക്ക് കാരണമായതായി പറയുന്നു. സുന്നികളിലെ ഇരു വിഭാഗത്തിന്റെയും ഐക്യശ്രമത്തിന് ആദ്യം മുന്നോട്ട് വന്നിരുന്നത് എപി വിഭാഗമായിരുന്നു.
ഐക്യം സാധ്യമായാൽ അത് പരമ്പരാഗതമായി തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഇകെ വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെടുത്തുന്നതിനും കൂടുതൽ ശക്തമായ ഒന്നിച്ചുള്ള വിഭാഗം സമ്മർദ്ദ ശക്തിയായി മാറുമെന്നും ലീഗ നേതൃത്വം ഭയപ്പെട്ടിരുന്നു. അതിനിടെ ലീഗിലെ സമസ്ത അനുകൂലികളെ ഉപയോഗിച്ച് കാന്തപുരം വിഭാഗവുമായുള്ള ഐക്യശ്രമം തകർക്കാനും ലീഗ് ശ്രമിക്കുന്നതായും ഉമർ ഫൈസിയെ അനുകൂലിക്കുന്നവർ പറയുന്നു.
അതിനിടെ ലീഗ് നിലപാടിൽ എതിർപ്പുള്ളവർ ഇടതുപക്ഷത്തെ പ്രമുഖ പാർട്ടിയായ സി പി എമ്മുമായി അടുക്കാനും നീക്കം നടത്തുന്നുണ്ട്. ജില്ലയിലെ രണ്ട് സി പി എം സ്വതന്ത്ര എംഎൽഎമാരെ ഇവർ ബന്ധപ്പെടതായും സൂചനയുണ്ട്. ഈ നീക്കത്തെ സിപിഎമ്മും ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.