ഒരു കുഞ്ഞിനെ ദത്തെടുത്ത് ഇന്ത്യൻ സിനിമയിലെ ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരേയും സിനിമ ലോകത്തേയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് താരം. പെണ്‍കുട്ടിയെയാണ് താരം ദത്തെടുത്തത്. ഇതിന് അഭിനന്ദനവുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. സണ്ണിയേയും ഭർത്താവിനേയും ട്വിറ്ററിലൂടെയാണ് താരങ്ങൾ അഭിനന്ദിച്ചത്.
അവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള മറുപടി ട്വീറ്റും സണ്ണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മകളേക്കുറിച്ചുള്ള സണ്ണിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് രണ്ട് വയസുകാരി നിഷയെ സണ്ണി ലിയോണും ഭർത്താവ് ഡാനിയേൽ വീബറും ചേർന്ന് ദത്തെടുത്തത്. ഞങ്ങൾ നിഷയെ അല്ല നിഷ ഞങ്ങളെയാണ് അച്ഛനമ്മമാരായി തിരഞ്ഞെടുത്തതെന്ന് താരം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനം രണ്ട് വർഷം മുന്‍പെടുത്തതാണ്.
മഹാരാഷ്ട്രയിൽ നിന്നു ദത്തെടുത്ത നിഷയ്ക്ക് ആകെ അറിയാവുന്ന ഭാഷ മറാത്തി മാത്രമാണ്. അവളെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. ഞങ്ങളുടെ രീതിക്കനുസരിച്ച് കുഞ്ഞിനെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഈ പ്രായത്തിൽ പുതിയ രീതികൾ പഠിക്കാൻ കുഞ്ഞിന് എളുപ്പമായിരിക്കും. നിഷ എന്ന അവളുടെ പേര് ഇനി മുതൽ നിഷ കൗർ വീബർ എന്നാകും എന്നും താരം പറഞ്ഞു. സിനിമകളുടേയും ടെലിവഷൻ പരിപാടികളുടേയും തിരക്കിലാണ് സണ്ണി ലിയോണ്‍. എങ്കിലും നിഷയ്ക്ക് വേണ്ടി പരമാവധി സമയം കണ്ടെത്തുമെന്ന് താരം പറയുന്നു. അടുത്ത ആഴ്ച സിനിമ ചിത്രീകരണത്തിനായി ലണ്ടനിലേക്ക് പോകുന്ന താരം നിഷയെ കൊണ്ടുപോകുന്നില്ല. യാത്രാരേഖകൾ ശരിയാകാത്തതാണ് കാരണം.