ബംഗളൂരു: പുതുവത്സരാഘോഷത്തിൽ ബോളിവുഡ് നടി സണ്ണി ലിയോൺ ബംഗളൂരുവിൽ അവതരിപ്പിക്കാനിരുന്ന നൃത്തപരിപാടിയായ സണ്ണി നൈറ്റിന് അനുമതി നിഷേധിച്ച സർക്കാർ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കന്നഡ ജനത. സണ്ണി നൈറ്റ് നടത്തിയാൽ കൂട്ടആത്മഹത്യ നടത്തുമെന്ന് കർണാടക രക്ഷണ വേദികെ ഭീഷണി മുഴക്കിയതിനെത്തുടർന്നാണ് പരിപാടിക്ക് ആഭ്യന്തരവകുപ്പ് വിലക്ക് ഏർപ്പെടുത്തിയത്.
പരിപാടിക്കെതിരേ കർണാടക രക്ഷണ വേദികെ യുവസേനയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ പലയിടങ്ങളിലും നടിയുടെ കോലംകത്തിക്കുകയും ചെയ്തു.
സണ്ണിയുടെ പരിപാടി കർണാടകയുടെ സംസ്കാരത്തിന്മേലുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാനത്തെ 20 ജില്ലകളിൽ സമാനമായ രീതിയിൽ പ്രതിഷേധപരിപാടികൾ നടത്തിയിരുന്നു.
അതേസമയം, പരിപാടി വിലക്കിയത് സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചില സംഘടനകൾ വാദിക്കുന്നു. സണ്ണി ലിയോൺ ബംഗളൂരുവിൽ വരുന്നതും നൃത്തം ചെയ്യുന്നതും ഇഷ്ടമല്ലാത്തവർ ആ പരിപാടി ഒഴിവാക്കുകയാണ് ചെയ്യേണ്ടതെന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും ഇവർ പറയുന്നു.
നടി ബംഗളൂരുവിൽ വരുന്നതു കൊണ്ടോ നൃത്തപരിപാടി അവതരിപ്പിക്കുന്നതു കൊണ്ടോ കർണാടകയുടെ സംസ്കാരത്തിന് ഒന്നും സംഭവിക്കില്ലെന്നും ഇവ ജനങ്ങളുടെ ചിന്താഗതിയെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഇവർ പറയുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് “സണ്ണി നൈറ്റ് ഇൻ ബംഗളൂരു ന്യൂഇയർഈവ് 2017′ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഇതിനായി ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലായി 2,999 മുതൽ 7,999 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.