മുംബൈ: ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളായ സണ്ണി ഡിയോൾ മുംബൈ തെരുവിൽ മദ്യപിച്ചു ലക്കുകെട്ട് നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ആരാധകരെ ഞെട്ടിച്ചു. മുംബൈയിലെ ജുഹു സർക്കിളിൽ താരത്തെ മദ്യപിച്ചനിലയിൽ കണ്ടെന്നായിരുന്നു വീഡിയോ സഹിതമുള്ള പോസ്റ്റ്.
വെള്ള ഷർട്ടും ജീൻസും ധരിച്ച സണ്ണി ഒരു പ്രത്യേക പുഞ്ചിരിയോടെ റോഡിനു നടുവിലൂടെ പതറിനടക്കുന്നത് വീഡിയോയിൽ കാണാം. ഈസമയം, ഒരു ഓട്ടോറിക്ഷ അടുത്തെത്തുന്നതും ഡ്രൈവർ അദ്ദേഹത്തെ ഓട്ടോയിൽ കയറ്റി അവിടെനിന്നു പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവം വൈറൽ ആയതോടെ, വീഡിയോ പ്രചരിപ്പിച്ചതിനെതിരേ ആരാധകർ രംഗത്തെത്തി. സണ്ണി നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗദർ -2ന്റെ വിജയാഘോഷങ്ങൾക്കിടെ ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നത് നടനു ചീത്തപ്പേരായെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ചെയ്തതാണിതെന്നും ആരാധകർ കുറ്റപ്പെടുത്തി.
എന്നാൽ, വിവാദമധികം മൂർച്ഛിക്കും മുൻപേ വീഡിയോയുടെ സത്യാവസ്ഥ പുറത്തുവന്നു. ശശാങ്ക് ഉദ്രാപുർക്കർ സംവിധാനം ചെയ്യുന്ന “സഫർ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ചിത്രീകരിച്ച വീഡിയോ ആണത്രെ സോഷ്യൽ മീഡിയയിൽ കണ്ടത്.
നേരത്തെ അഭിമുഖത്തിൽ താൻ ഒരു “കുടിയൻ’ അല്ലെന്നും ആളുകൾ എങ്ങനെയാണു മദ്യം ഇഷ്ടപ്പെടുന്നതെന്നു തനിക്കു മനസിലാക്കാൻ കഴിയുന്നില്ലെന്നും സണ്ണി ഡിയോൾ പറഞ്ഞിരുന്നു.
മുമ്പ് ഇംഗ്ലണ്ട് സന്ദർശിച്ചപ്പോൾ ആദ്യമായി മദ്യം പരീക്ഷിച്ചിരുന്നെന്നും എന്നാലത് തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു.