വൈക്കം: മുഖ്യമന്ത്രിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലിസ് പിടികൂടിയ കോട്ടയം തിരുവഞ്ചൂർ ചിറയിൽ അനിൽ സണ്ണി(41) യെ ത്രിപ്പുണിത്തുറ പോലിസ് തിരുവനന്തപുരം മ്യൂസിയം പോലിസിനു കൈമാറി.
ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പോലിസ് ത്രിപ്പുണിത്തുറ പോലിസ് സ്റ്റേഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമാണ് ഇയാളെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്.
തിരുവഞ്ചൂരിലെ ഇടത്തരം കുടുംബത്തിലെ അംഗമായ അനിൽ സണ്ണി അവിവാഹിതനാണ്. മനോനില തകരാറിലായ ഇയാൾ മദ്യപിച്ചാൽ കൂടുതൽ പ്രശ്നക്കാരനാകാറുണ്ടെന്ന് പോലിസ് പറഞ്ഞു.
ഫോണിലൂടെ അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനും ഇതിനു മുന്പും ഇയാൾക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.
ഏതാനും മാസങ്ങൾക്കു മുന്പ് ബസിനു കുറുകെ ബൈക്ക് നിർത്തി ബസ് സർവീസ് തടസപ്പെടുത്താൻ ശ്രമിച്ചതും ഇയാളായിരുന്നെന്ന് പോലിസ് പറഞ്ഞു.
മനോനില തകരാറിലായ ആളായതിനാൽ ബന്ധുക്കൾ ആരെങ്കിലുമെത്തിയാൽ ഇയാൾക്ക് ജാമ്യം ലഭിക്കുമെന്നും പോലിസ് പറഞ്ഞു.
മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആളുടെ ഫോണിന്റെ ടവർ ലൊക്കേഷൻ വൈക്കമാണെന്ന് സൈബർ സെല്ലിൽനിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് വൈക്കം ഡിവൈഎസ്പി കെ.ജെ. തോമസിന്റെ നേതൃത്വത്തിൽ ത്രിപ്പൂണിത്തുറ പോലിസിന്റെ സഹകരണത്തോടെ സ്വകാര്യ ബസിൽ സഞ്ചരിച്ചിരുന്ന അനിൽ സണ്ണിയെ മിനിട്ടുകൾക്കുള്ളിൽ പോലിസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തലയോലപറന്പ്-കാഞ്ഞിരമറ്റം വഴി എറണാകുളത്തിനു പോകുന്ന സ്വകാര്യ ബസിൽ അനിൽ സണ്ണി യാത്ര ചെയ്യുന്നതിനിടയിൽ സമീപത്തിരുന്ന യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന സർക്കാർ ഡയറിയിൽ നിന്ന് മുഖ്യമന്ത്രിയുടേയും മറ്റ് രാഷ്ട്രീയ ഉദ്യോഗ പ്രമുഖരുടേയും ഫോണ് നന്പർ എഴുതിയെടുത്ത ശേഷമാണ് ഫോണിൽ വിളിച്ചു ഭീഷണി മുഴക്കിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിനു പുറമെ മറ്റ് ചില രാഷ്ട്രിയ പ്രമുഖരേയും ഇയാൾ വിളിച്ചെങ്കിലും ആരും ഇതുവരെ പരാതിപെട്ടില്ലെന്ന് പോലിസ് പറഞ്ഞു.