ബംഗളൂരു: ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര പരിപാടിയായ സണ്ണി നൈറ്റ് കർണാടക സർക്കാർ വിലക്കി. കർണാടക ആഭ്യന്തര വകുപ്പാണ് അനുമതി നിഷേധിച്ചത്. കന്നഡ രക്ഷണ വേദികേ പ്രവർത്തകർ കൂട്ട ആത്മഹത്യാ ഭീഷണിമുഴക്കിയതോടെയാണ് സണ്ണി നൈറ്റ് വിലക്കിയത്. എന്നാൽ വിലക്കിനെക്കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സംഘാടകർ അറിയിച്ചു.
ബംഗളൂരുവിലെ ഒരു ഹോട്ടലാണ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പാർട്ടി ഒരുക്കിയിരുന്നത്. സണ്ണി നൈറ്റ് ഇൻ ബംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പാർട്ടിയുടെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റുതീർന്നു. 2017 തീർന്നുകിട്ടാൻ സണ്ണി ആരാധകർ കാത്തിരിക്കുന്പോഴാണ് ആഭ്യന്തരവകുപ്പിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
കന്നഡ രക്ഷണ വേദികേയുടെ യുവജന വിഭാഗമായ യുവസേന സണ്ണിയെ കർണാടകയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ’സണ്ണി ലിയോണിന്റെ ചരിത്രം എല്ലാവർക്കും അറിയാം. കന്നഡികയോ ഇന്ത്യക്കാരിയോ അല്ല. കർണാടകയുടെ സംസ്കാരം തകർക്കാൻ അനുവദിക്കില്ലെന്ന് യുവസേന പറഞ്ഞു. സണ്ണി ലിയോണിനെതിരെ കർണാടകയിലെ 15 ജില്ലകളിൽ പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ് യുവസേന. ഇതിനിടെ സണ്ണി ലിയോണിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്.