ബോളിവുഡിലെ മാദകസുന്ദരി സണ്ണി ലിയോണ്‍ തമിഴരുടെയും ആരാധനാപാത്രമാണ്. വടകറി എന്ന തമിഴ് ചിത്രത്തിലെ സണ്ണിയുടെ പാട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. വടകറിക്ക് ശേഷം ഇളയദളപതി നായകനാകുന്ന ഭൈരവാ എന്ന ചിത്രത്തിലും ഒരു ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ എത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് സണ്ണിയെ ഒഴിവാക്കി എന്നാണ് പുതിയ വാര്‍ത്ത. ഭൈരവായില് ഐറ്റം ഡാന്‍സ് ചെയ്യാന്‍ തനിക്ക് ഒരു കോടി രൂപ വേണം എന്ന് സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടുവെന്നതും വാര്‍ത്തയായിരുന്നു.
ഒരു കോടി രൂപയ്ക്ക് ഭൈരവാ ടീം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സണ്ണി ലിയോണ്‍ ഒരു കോടിക്ക് പുറമെ തന്റെ ടീമിന്റെ യാത്രാ ചെലവും മറ്റും വഹിക്കണം എന്ന് പറഞ്ഞതോടെയാണ് നടിയെ ഒഴിവാക്കിയത്. സണ്ണി ലിയോണും ടീമും എന്ന് പറയുമ്പോള്‍ പത്തു പേരുണ്ട്. പത്തു പേരെ മുംബൈയില്‍ നിന്ന് ചെന്നൈയിലെത്തിക്കുക വലിയ ചെലവാണ് എന്ന് തിരിച്ചറിഞ്ഞതോടെ സണ്ണി വേണ്ട എന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
വിജയ പ്രൊഡക്്ഷന്‍സിന്റെ ബാനറില്‍ ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭൈരവാ. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നായികയായെത്തുന്നു. ഇവരെ കൂടാതെ സതീഷ്, അപര്‍ണ വിനോദ്, ഡാനിയല്‍ ബാലാജി, മൊട്ട രാജേന്ദ്രന്, ഹാരിഷ് ഉത്തമന്, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.