സണ്ണി ലിയോണ്‍ എന്ന് സ്ത്രീയോട് ബഹുമാനം തോന്നിയ നിമിഷം! സണ്ണി ലിയോണിനെ പരിഹസിച്ചവര്‍ ഇതുകൂടി അറിയണം; ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി സിഇഒ വെളിപ്പെടുത്തുന്നു

പ്രശസ്ത താരം സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്തു എന്നത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ പലരും സണ്ണിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം ഇത്രയും സുന്ദരിയായ സണ്ണി ഒരു കറുത്ത കുട്ടിയെ ദത്തെടുത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചുകൊണ്ട് ഒരുകൂട്ടം വര്‍ണ്ണവെറിയന്മാരും രംഗത്തെത്തിയിരുന്നു. ഇത്രയും പണവും പ്രശസ്തിയുമുള്ള സണ്ണിയ്ക്ക് ഒരു കനേഡിയന്‍ കുഞ്ഞിനെയെങ്കിലും ദത്തെടുക്കാമായിരുന്നു എന്നാണ് അക്കൂട്ടര്‍ അഭിപ്രയപ്പെട്ടത്. എന്നാല്‍ നിറവും കുടുംബപശ്ചാത്തലവും ആരോഗ്യവും ഒന്നും പ്രശ്‌നമാക്കാതെയാണ് രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ സണ്ണി ലിയോണ്‍ തയാറായത്.

ഇതിനു മുമ്പ് ഇന്ത്യയില്‍ നിന്നുള്ള 11 കുടുംബങ്ങള്‍ ആ കുഞ്ഞിനെ കണ്ടിരുന്നു. അവളുടെ നിറവും കുടുംബപശ്ചാത്തലവും ആരോഗ്യസ്ഥിതിയുമൊക്കെ ബോധ്യപ്പെട്ടപ്പോള്‍ അവരാരും തന്നെ ആ പെണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ തയാറായില്ല. അങ്ങനെ 11 കുടുംബങ്ങള്‍ നിരസിച്ച കുഞ്ഞിനെയാണ് യാതൊരു മുന്‍വിധിയും കൂടാതെ സണ്ണിലിയോണും ഭര്‍ത്താവും ചേര്‍ന്ന് മകളായി സ്വീകരിച്ചത്. ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി സിഇഒ ലെഫ്റ്റനന്റ് കേണല്‍ ദീപക് കുമാര്‍ ആണ് ലോകത്തോട് ഈ സത്യം വെളിപ്പെടുത്തിയത്. സണ്ണിലിയോണ്‍ എന്ന വ്യക്തിയോട്, സ്ത്രീയോട് ബഹുമാനം തോന്നിയനിമിഷം എന്നു പറഞ്ഞുകൊണ്ടാണ് അവരുടെ മനസ്സിന്റെ നന്മയെപ്പറ്റി അദ്ദേഹം വാചാലനായത്.

ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സിയുടെ വെബ്‌സൈറ്റ് വഴിയാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ സണ്ണിലിയോണ്‍ സമര്‍പ്പിച്ചത്. ഏജന്‍സിയുടെ നിയമമനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവസരം നല്‍കിയ ശേഷം മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ അവസരം നല്‍കൂ. കുട്ടിയെ ഇന്ത്യാക്കാരായ ദമ്പതികള്‍ കണ്ടതിനു ശേഷവും കുഞ്ഞിനെ രണ്ടുമാസത്തിനകം ദത്തെടുക്കാന്‍ ആരും തയാറായില്ലെങ്കില്‍ മാത്രമേ വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് കുഞ്ഞിനെ കാണാനുള്ള അവസരം ലഭിക്കൂ. അങ്ങനെ 11 കുടുംബങ്ങള്‍ നിരസിച്ച കുഞ്ഞിനെയാണ് സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് സ്വന്തമാക്കിയത്. നിറത്തെയും വംശത്തെയും അടിസ്ഥാനമാക്കി ആ പിഞ്ചുകുഞ്ഞിനെ വരെ പരിഹസിച്ചവര്‍ തീര്‍ച്ചയായും ഈ വാര്‍ത്തയ്ക്കും ചെവികൊടുക്കണമെന്നും ദീപക് കുമാര്‍ പറഞ്ഞു. ഇത് ലോകം മുഴുവനുമുള്ളവര്‍ക്ക് ഒരു പാഠമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related posts