കൊച്ചിയില്‍ മൊബൈല്‍ കടയുടെ ഉദ്ഘാടനത്തിനെത്തിയ സണ്ണി ലിയോണിന്റെ മുഖം ഇതുവരെയും മലയാളികളുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. ഈയവസരത്തിലാണ് മകളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചുകൊണ്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍ രംഗത്തെത്തിയിരിക്കുന്നത്. സണ്ണി ലിയോണ്‍ കുട്ടിയെ ദത്തെടുത്തത് സോഷ്യല്‍ മീഡിയകളിലടക്കം വലിയ വാര്‍ത്തയായിരുന്നു. മകള്‍ക്കൊപ്പം ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കുന്നുവെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്. സിനിമയുടെയും മോഡലിംഗിന്റെയും തിരക്കിലാണെങ്കിലും ഒരല്പം നേരം കിട്ടിയാല്‍ മകള്‍ നിഷയുടെ അടുത്തേക്ക് ഓടിവരും സണ്ണി. നിഷയുടെ വരവോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നുവെന്നും സണ്ണി പറയുന്നു. ലാക്ക്മി ഫാഷന്‍ വീക്കിനിടെ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സണ്ണി നിഷയെക്കുറിച്ച് മനസ്സ് തുറന്നത്.
‘അവളെ കിട്ടിയത് ഭാഗ്യമായി കരുതുന്നു. ഞാനും ഭര്‍ത്താവ് ഡാനിയേല്‍ വെബറും മാതാപിതാക്കളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് മനസ്സിലാക്കി തുടങ്ങി. അവളെ കുളിപ്പിക്കുന്നതും അവളുടെ നാപ്കിന് മാറ്റുന്നതും ഭക്ഷണം കൊടുക്കുന്നതുമെല്ലം ഞങ്ങള്‍ ഒരുപാട് ആസ്വദിക്കുന്നു. സ്വര്‍ഗത്തില്‍ ജീവിക്കുന്ന അനുഭവമാണെനിക്ക്. ഞാന്‍ ഇല്ലാത്ത സമയത്ത് അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് ഡാനിയേല്‍ ആണ്’- സണ്ണി പറഞ്ഞു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നാണ് രണ്ടു വയസ്സുള്ള നിഷയെ സണ്ണിയും ഭര്‍ത്താവും ചേര്‍ന്ന് ദത്തെടുത്തത്. രണ്ട് വര്‍ഷം മുന്‍പാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനമെടുത്തതെന്ന് സണ്ണി നേരത്തേ വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ നിഷയെ മകളായി തെരഞ്ഞെടുക്കുകയല്ല, നിഷ ഞങ്ങളെ അച്ഛനമ്മമാരായി തെരഞ്ഞെടുക്കുകയാണുണ്ടായതെന്നും സണ്ണി പറഞ്ഞിരുന്നു.