ജീവിതത്തിൽ തനിക്കും ആക്രമണത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെന്ന് സണ്ണി ലിയോണ്. ദേശീയ മാധ്യത്തിനു നൽകിയൊരു അഭിമുഖത്തിലാണ് സണ്ണി തന്റെ പഴയകാലം ഓർമിച്ചെടുത്തത്. നീലച്ചിത്ര സിനിമകളിൽ അഭിനയിക്കുന്ന കാലത്ത് തന്നെയൊരാൾ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി താരം പറയുന്നു. വീട്ടിലെത്തി ആക്രമിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ ഞാൻ ഭയപ്പെട്ടു. അക്കാലത്ത് ഞാൻ തനിച്ചായിരുന്നു വീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് ഡാനിയൽ വെബ്ബർ വിദേശത്തായിരുന്നു. അതുകൊണ്ടുതന്നെ ഭീഷണിയുടെ നിഴലിൽ ഞാൻ ഭയപ്പെട്ടാണ് ഓരോ ദിവസവും തള്ളി നീക്കിയത്. വീടിനു പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാൽ കത്തി കൈയിൽ കരുതിയാണ് വാതിലിനടുത്തേക്ക് പോയിരുന്നത് – സണ്ണി വെളിപ്പെടുത്തി.
വേറൊരു ദിവസം സോഷ്യൽ മീഡിയകളിൽ നിരവധി പേർ ഫോളോ ചെയ്യുന്ന ഒരാൾ തന്റെ വീടിന്റെ വാതിലിൽ തുരുതുരെ മുട്ടി. ട്വിറ്ററിലെ തന്റെ ഫോളോവേഴ്സിനെയും കൂട്ടി അയാൾ തന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുമെന്ന് താൻ അന്നു ഭയന്നിരുന്നു.ഈ സംഭവത്തിനു ശേഷം വീടിനു പുറത്ത് താൻ കാമറകൾ സ്ഥാപിച്ചു. എന്നാൽ അന്നത്തെ സംഭവം എനിക്ക് ഇപ്പോഴും മറക്കാൻ കഴിയുന്നില്ല- സണ്ണി പറഞ്ഞു.
എനിക്ക് ഉണ്ടായതുപോലെയുള്ള അനുഭവങ്ങൾ നിരവധി പേർക്ക് ഉണ്ടായിട്ടുണ്ടാവാം. ഇത്തരം ആക്രമണങ്ങളുണ്ടായാൽ ചിലർ കടുത്ത മാനസിക സമ്മർദത്തിലേക്ക് വീഴും. ചിലരെ ഇത് ആത്മഹത്യയിലേക്ക് വരെ നയിക്കും. അതുകൊണ്ട് ഇതേക്കുറിച്ച് അവർക്ക് അവബോധമുണ്ടാക്കി കൊടുക്കാനാണ് ശ്രമിക്കേണ്ടതെന്നും സണ്ണി കൂട്ടിച്ചേർത്തു. ജനങ്ങൾ എനിക്കു വലിയ സ്നേഹവും പിന്തുണയുമാണ് ഇപ്പോൾ നൽകുന്നത്. ഇത് മാനസികമായി തന്നെ കൂടുതൽ കരുത്തുറ്റവളാക്കി മാറ്റിക്കഴിഞ്ഞു. എന്നാൽ എല്ലാവർക്കും തന്നെപ്പോലെ ആവാൻ സാധിച്ചേക്കില്ലെന്നും അവരെ സഹായിക്കുകയാണ് വേണ്ടതെന്നും സണ്ണി വ്യക്തമാക്കി.