കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണ്‍ കൊച്ചിയിൽ. മമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയിൽ അഭിനയിക്കുന്നതിനായാണ് താരം എത്തിയത്. ഇന്നു പുലർച്ചെ കൊച്ചിയിലെത്തിയ താരത്തെ വൻ ആവേശത്തോടെയാണ് ആരാധകരും അണിയറപ്രവർത്തകരും സ്വീകരിച്ചത്.
അടുത്ത മൂന്നുദിവസം നടി കൊച്ചിയിലുണ്ടാകുമെന്നാണു വിവരം. തിയറ്ററുകളിൽ ഓളം തീർത്ത മമ്മൂട്ടി-വൈശാഖ് ടീമിന്റെ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണു മധുരരാജ. ചിത്രത്തിലെ ഒരു ഐറ്റം ഗാനരംഗത്തിലാണു സണ്ണി ലിയോണ്‍ എത്തുക എന്നാണു സൂചന.
സിനിമയുടെ കഥാഗതിയെ ഏറെ സ്വാധീനിക്കുന്ന ഗാനമാണിതെന്നാണു വിവരം. മലയാള സിനിമയിൽ ചരിത്രമായി മാറിയ പുലിമുരുകനുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതകൂടി ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണു മധുരരാജയുടെ വരവ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ വൻ താരനിരയും അണിനിരക്കുന്നുണ്ട്.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായാണു ഗാനരംഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതെന്നാണു സൂചന.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ പുറത്തുവിട്ടിരുന്നു. എട്ടുവർഷം മുന്പിറങ്ങിയ ’പോക്കിരിരാജ’യിലെ അതേ മാസ് ലുക്കിലാണു മമ്മൂട്ടി മധുരരാജയിലും. വില്ലൻമാരെ അടിച്ചൊതുക്കി പിൻതിരിഞ്ഞു നിൽക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്കിലുള്ളത്.
പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണയാണു മധുരരാജയുടെ തിരക്കഥയും ഒരുക്കിയത്. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം ഷാജികുമാറും സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. നെൽസണ്‍ ഐപ്പ് നിർമ്മിക്കുന്ന ചിത്രം വിഷുവിന് തിയറ്ററുകളിലെത്തിയേക്കും.