പോണ് സിനിമയിലെ തന്റെ കരിയർ ഉപേക്ഷിച്ച് ബോളിവുഡിലും മലയാളത്തിലും തമിഴിലും തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞ നടിയാണ് സണ്ണി ലിയോണി. കൂടാതെ ആരാധകരുടെ എണ്ണത്തിലും ഗംഭീര വർധനയാണ്. ഇതിനു കാരണം സണ്ണിയുടെ ചില നല്ല പ്രവൃത്തിയാണെന്നു പറയാതെ വയ്യ. ഇപ്പോഴിതാ കുട്ടികൾക്കായി ഒരു സ്കൂൾ ആരംഭിക്കുകയാണ് താരം.
കുഞ്ഞുങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സണ്ണിയും ഭർത്താവ് ഡാനിയേൽ വെബറും ചേർന്ന് കുഞ്ഞുങ്ങൾക്കായി ഒരു സ്കൂൾ ആരംഭിക്കുവാൻ പോകുകയാണത്രേ. കലാ പഠന സ്കൂളാണ് ആരംഭിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. മൂന്നു വളർത്തുമക്കളുടെ അമ്മയായ സണ്ണി കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു സ്കൂൾ ആരംഭിക്കാൻ പോകുന്നതെന്നും ഭർത്താവ് ഡാനിയേൽ വെബർ പറഞ്ഞു.
പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഒരു കുട്ടിയുടെ ജീവിതം. അതിന്റെ അപ്പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകാനാണ് ഇതിലൂടെ ഉദേശിക്കുന്നതെന്നു സണ്ണി ലിയോണി പറഞ്ഞു. കൂടാതെ ശരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും ക്രിയാത്മകതയും ഉല്ലാസവും ഒന്നിച്ചു കൊണ്ട് വരുക എന്ന ഉദേശവും ഇതിലൂടെയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സ്കൂൾ തുടങ്ങാനുള്ള മറ്റൊരു കാരണം മൂത്ത മകൾ നിഷയാണ്. മകൾ സ്ഥിരമായി ആർട്ട് പഠിക്കാനായി ഡി ആർട്ട് ഫ്യൂഷൻ എന്ന സ്കൂളിൽ പോകാറുണ്ട്. ഇവിടെ പോകുന്നത് മകൾക്ക് ഏറ്റവും താൽപര്യമുളള കാര്യമാണ്.
ആ സ്കൂളിൽ പോകുന്നതിനെ കുറിച്ചുളള സന്തോഷം മകൾ പങ്കുവയ്ക്കാറുമുണ്ട്. അപ്പോഴാണ് അതിന്റെ ഉടമസ്ഥ ജൂഹുവിൽ മറ്റൊരു ബ്രാഞ്ച് തുടങ്ങുന്നതിനെപ്പറ്റി പറയുന്നത്. തുടർന്ന് സമ്മതിക്കുകയായിരുന്നു. സ്കൂളിന്റെ ഇന്റീരിയർ, സൗകര്യങ്ങൾ എന്നിങ്ങനെ എല്ലാ കാര്യങ്ങളും സണ്ണിയും ഡാനിയേലും ഒന്നിച്ച് ചേർന്നാണ് തീരുമാനമെടുക്കുന്നത്.