ഹൈദരാബാദ്: കാര്‍ഷിക വിളകളെ കാത്തു രക്ഷിക്കാന്‍ സണ്ണി ലിയോണിനാകുമോ ? ആന്ധ്രയിലെമ്പാടും ഇപ്പോള്‍ അലയടിക്കുന്നത് ഈ ചോദ്യമാണ്. കാര്‍ഷിക വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന് കര്‍ഷകര്‍ പാടത്ത് ബോളിവുഡ് താരം സണ്ണി ലിയാണിന്റെ പോസ്റ്റര്‍ സ്ഥാപിക്കുന്നുവെന്നാണ് വാര്‍ത്ത.
വിളയെ കാക്കാന്‍ പല പണികളും നോക്കി പരാജയപ്പെട്ടതോടെയാണ് കര്‍ഷകര്‍ ഈ തന്ത്രം പുറത്തെടുത്തത്.അന്‍കിപള്ളി ചെന്‍ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഈ തന്ത്രം ആദ്യം പരീക്ഷിച്ചത്. തന്റെ പാടത്ത് രണ്ട് വലിയ പോസ്റ്ററുകളാണ് ഇദ്ദേഹം സ്ഥാപിച്ചത്. സണ്ണി ലിയോണിന്റെ ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. വെറുതെ പോസ്റ്റര്‍ വയ്ക്കുക മാത്രമല്ല, നല്ലൊരു അടിക്കുറിപ്പും അദ്ദേഹം വച്ചു. ‘ എന്നെ നോക്കി അസൂയപ്പെടരുത്’ എന്നാണത്.
ഇയാളുടെ പത്തേക്കര്‍ കൃഷിയിടത്തില്‍ നിന്ന് ഇക്കുറി നല്ല വിളവു ലഭിച്ചു. അതോടെ നാട്ടുകാരും അതുവഴി പോകുന്നവരും പാടത്തേക്ക് തന്നെ നോക്കാന്‍ തുടങ്ങി. അവരുടെ കണ്ണ് തട്ടാതിരിക്കാനുള്ള മാര്‍ഗം ആലോചിച്ചപ്പോഴാണ് തന്റെ തലയില്‍ ഈ ആശയം തെളിഞ്ഞുവന്നതെന്നും റെഡ്ഡി പറയുന്നു. അത് ഫലിച്ചു. ഇപ്പോള്‍ ആരും പാടത്തേക്ക് നോക്കുന്നില്ല. എല്ലാവരുടേയും കണ്ണ് പോസ്റ്ററിലാണെന്നും റെഡ്ഡി പറഞ്ഞു. കാബേജും കോളിഫഌറും മുളകും ഉള്‍പ്പെടെ പലയിനങ്ങള്‍ റെഡ്ഡി കൃഷി ചെയ്യുന്നുണ്ട്. നെല്ലൂര്‍ ജില്ലയിലെ ബന്ദകിന്ദിപള്ളിയിലാണ് റെഡ്ഡിയുടെ പാടം.
വര്‍ഷങ്ങളായി കൃഷിയില്‍ നിന്ന് വലിയ നഷ്ടമാണ് തനിക്ക് കിട്ടുന്നത്. കുറച്ചുകാലമേ ആയുള്ള നല്ല വിള കിട്ടി തുടങ്ങിയിട്ട്. എന്നാല്‍ അതില്‍ ദോഷങ്ങള്‍ കാണാന്‍ തുടങ്ങിയതോടെയാണ് സണ്ണി ലിയോണിനെ കൂട്ടുപിടിക്കാന്‍ തീരുമാനിച്ചതെന്നും ഈ കര്ഷന് പറയുന്നു.’ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ച് തനിക്ക് ഉറപ്പില്ല, എന്നാല്‍ സണ്ണി ലിയോണ്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ എത്തിക്കഴിഞ്ഞു’ എന്നാണ് ഒരാള്‍ ഇതേ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും പല കര്‍ഷകരും കൃഷി രക്ഷിക്കാന്‍ സണ്ണിയെ ആശ്രയിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.