നടി സണ്ണി ലിയോണി പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ മെഗാ ഫാഷന്‍ ഷോ വേദിയില്‍ വാക്കേറ്റവും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടതോടെ നൂറോളം പൊലീസുകാരെത്തി പരിപാടി തടഞ്ഞു.
നടത്തിപ്പുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘാടകരടക്കം എല്ലാവരെയും വേദിയില്‍നിന്നു പുറത്താക്കി.
സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിവന്ന ‘ഫാഷന്‍ റേയ്സ്വിന് യുവര്‍ പാഷന്’ ഡിസൈനര്‍ ഷോയും ‘ഗോള്‍ഡന്‍ റീല്‍സ് ഫിലിം അവാര്‍ഡ്സ്’ പരിപാടിയുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പരിപാടിയുടെ പ്രധാന നടത്തിപ്പുകാരായ പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസ് ഉടമ പ്രശോഭ് രാജിനെയാണ് നടക്കാവ് സിഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ‘ഫാഷന്‍ റേയ്സ്വിന് യുവര്‍ പാഷന്’ പരിപാടിയ്ക്കായി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം തുടങ്ങിയതെന്നു പോലീസ് പറഞ്ഞു.
മന്ത്രി ജെ.ചിഞ്ചുറാണിയും ചലച്ചിത്ര താരങ്ങളുമടക്കം അനേകം പേര് ആശംസകള്‍ നേരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പരിപാടിയുടെ പ്രചാരണാര്‍ഥം പങ്കുവച്ചിരുന്നു.
ഫാഷന്‍ രംഗത്തു മുന്‍പരിചയമില്ലാത്ത കുട്ടികള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്ന രീതിയിലായിരുന്നു പ്രചാരണം.
ഒരു കുട്ടിയ്ക്ക് ആറായിരത്തോളം രൂപ ചെലവുവരുമെന്നാണ് സംഘാടകര്‍ അറിയിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട്ട് മൂന്നു ദിവസമായി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു ദിവസം മുന്‍പ് എത്തിച്ചേരാന്‍ കുട്ടികളോടും രക്ഷിതാക്കളോടും ആവശ്യപ്പെടുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെയുള്ള 764 കുടുംബങ്ങള്‍ കോഴിക്കോട്ട് എത്തിയതായും പോലീസ് പറഞ്ഞു.
ട്രേഡ് സെന്ററില്‍ കുട്ടികള്‍ക്ക് ക്യാറ്റ് വാക് പരിശീലനം നല്‍കുമെന്നും ചലച്ചിത്രതാരങ്ങളും പ്രമുഖ ഡിസൈനര്‍മാരും പരിശീലനം നല്‍കുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍ പ്രമുഖ ഡിസൈനര്‍മാര്‍ ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് നല്കിയ വസ്ത്രങ്ങള്‍ ഗുണനിലവാരം തീരെയില്ലാത്തതാണെന്നും ആരോപണം ഉയര്‍ന്നു.
തുടര്‍ന്ന് ഒന്നിനു വൈകിട്ട് ചെറിയരീതിയില്‍ സംഘര്‍ഷമുണ്ടായി. ഇന്നലെ വൈകിട്ട് കുട്ടികള്‍ക്ക് റാംപ് വാക്കിന് അവസരം നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഏതാനും മിനിറ്റു മാത്രമാണ് വേദിയില്‍ കയറാന്‍ അവസരം നല്കിയതത്രെ.
വേദിയില്‍ നിന്നു പുറത്തിറങ്ങിയ കുട്ടികള്‍ക്കുള്ള ഷീല്‍ഡുകളില്‍ കുട്ടികളുടെ പേരുപോലും എഴുതിയിരുന്നുമില്ല. കുട്ടികളുടെ ചിത്രം നോക്കി ഷീല്‍ഡുകള്‍ തിരഞ്ഞെടുക്കേണ്ടി വന്നതോടെ രക്ഷിതാക്കള്‍ പ്രതിഷേധം തുടങ്ങി.
ഇതോടെ സുരക്ഷാ ജീവനക്കാര്‍(ബൗണ്സര്മാര്) പ്രതിഷേധക്കാര്‍ക്കു നേരെ തിരിയുകയും അവരെ തടയാന്‍ ശ്രമിക്കുകയായുമായിരുന്നു. ഇതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി.
തുടര്‍ന്നാണ് നടക്കാവ് പോലീസ് എത്തിയത്. ട്രേഡ് സെന്ററില്‍ മെഗാ പരിപാടി നടക്കുന്നതിനുള്ള അനുമതികളൊന്നും നടത്തിപ്പുകാര്‍ വാങ്ങിയിരുന്നില്ലെന്നു പോലീസ് പറഞ്ഞു.
ഇന്നലെ 3.30ന് ആണ് റവന്യു വകുപ്പില്‍ പണമടച്ച് അനുമതി വാങ്ങിയത്. എന്നാല്‍ കോര്‍പറേഷന്റെയോ ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റെയോ അനുമതി വാങ്ങിയിരുന്നില്ല. പോലീസിന്റെ അനുമതിയും ഇല്ല. അസി.കമ്മിഷണര്‍ പി.ബിജുരാജ്,
ഇന്‍സ്പെക്ടര്‍ ജിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിപാടി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ സംഘാടകരും സ്വകാര്യ സുരക്ഷാ ജീവനക്കാരും പോലീസിനെ എതിര്‍ക്കാന്‍ ശ്രമിച്ചു.
തുടര്‍ന്നാണ് പ്രശോഭ് കൈലാസിനെ കസ്റ്റഡിയിലെടുത്തത്. നൂറോളം പൊലീസുകാര്‍ സ്ഥലത്തെത്തി ഹാളിന് അകത്തുള്ളവരെ പുറത്തിറക്കിവിട്ടു. രാത്രി 9.45ന് ട്രേഡ് സെന്ററിലെ ലൈറ്റുകള്‍ പൂര്‍ണമായും അണയ്ക്കുകയും വേദി പൂട്ടുകയും ചെയ്തു.