മുംബൈയിലെ മഴകള്‍ തനിക്കുണ്ടാക്കിയത് കോടികളുടെ നഷ്ടമെന്ന് നടി സണ്ണി ലിയോണ്‍.
തന്റെ മൂന്ന് ആഡംബര കാറുകളാണ് വെള്ളത്തില്‍ മുങ്ങി കേടുപാടുകള്‍ സംഭവിച്ച് നഷ്ടപ്പെട്ടതെന്നാണ് സണ്ണി പറയുന്നത്.
മെഴ്സിഡീസ് ബെന്‍സ് ഉള്‍പ്പെടെയുള്ള ആഡംബര വാഹനങ്ങളാണ് വെള്ളം കയറി നശിച്ചുപോയതെന്നാണ് ഒരു ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സണ്ണി വെളിപ്പെടുത്തിയത്.
മെഴ്സിഡീസ് ബെന്‍സ് ജി.എല്‍ ക്ലാസ് എസ്.യു.വിയാണ് മഴക്കെടുതിയില്‍ നഷ്ടമായ പ്രധാന ആഡംബര വാഹനം.
ഇതിനുപുറമെ, താരത്തിന്റെ ബി.എം.ഡബ്ല്യു സെവന് സീരീസ് സെഡാനും വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട വാഹനമാണെന്നാണ് അവര്‍ പറയുന്നത്.
മൂന്നാമത്തെ വാഹനമേതാണെന്ന് സണ്ണി ലിയോണ്‍ വെളിപ്പെടുത്തിയിട്ടില്ല. വലിയ തുക നികുതി ഉള്‍പ്പെടെ നല്‍കിയാണ് വിദേശ നിര്‍മിത കാറുകള്‍ ഇന്ത്യയില്‍ വാങ്ങുന്നതെന്നും എല്ലാവര്ക്കും അറിയാമെന്നും താരം പറഞ്ഞു.
എന്നാല്‍, ഇന്ത്യന്‍ കാലാവസ്ഥകള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഇന്ത്യന്‍ എസ്.യു.വിയാണ് ഞാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും വളരെ മികച്ച ഒരു വാഹനമാണിതെന്നുമാണ് സണ്ണി ലിയോണ്‍ അഭിപ്രായപ്പെട്ടു.
എം.ജി. മോട്ടോഴ്സിന്റെ ഗ്ലോസ്റ്റര്‍ എസ്.യു.വിയാണ് ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്ന വാഹനമെന്നാണ് സൂചനകള്‍.
നിരവധി സ്ഥലങ്ങളില്‍ എം.ജി. ഗ്ലോസ്റ്ററില്‍ സണ്ണി ലിയോണ്‍ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
മുംബൈയിലെ മഴയേയും മണ്‍സൂണ്‍കാല അനുഭവങ്ങളെയും കുറിച്ച് സംസാരിക്കവെയാണ് സണ്ണി ലിയോണ്‍ തന്റെ നഷ്ടം വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍ ആദ്യമെത്തിയപ്പോള്‍ കായലിനോട് ചേര്‍ന്നുള്ള മേഖലയിലാണ് താമസിച്ചിരുന്നത്. അതിനാല്‍ തന്നെ മഴക്കാലത്ത് പല നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
എന്നാല്‍ പോലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാലാവസ്ഥയാണ് മഴക്കാലമെന്നും സണ്ണി ലിയോണ്‍ കൂട്ടിച്ചേര്‍ത്തു.