ബംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണ്‍ നായികയായെത്തുന്ന വീരമാദേവി എന്ന ചിത്രത്തിനെതിരേ കർണാടകയിൽ പ്രതിഷേധം ശക്തം. കന്നഡ രക്ഷണ വേദികെ യുവ സേനയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. “വീരമാദേവി’യിൽ പ്രധാനവേഷം അഭിനയിക്കുന്നതിൽ നിന്ന് നടി പിന്മാറണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ചിത്രത്തിൽ നിന്ന് സണ്ണി പിന്മാറിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും നവംബർ മൂന്നിന് ബംഗളൂരുവിൽ നടത്താനിരുന്ന കണ്സേർട്ടിൽ പങ്കെടുക്കാൻ സണ്ണിയെ അനുവദിക്കില്ലെന്നും സിനിമയുടെ റിലീസ് തടയുമെന്നും യുവ സേന പറഞ്ഞു.
സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടിയുടെ 235 ടിക്കറ്റുകൾ പ്രതിഷേധക്കാർ ബുക്ക് ചെയ്തിട്ടുണ്ട്. ബോളിവുഡിൽ അഭിനയിക്കുന്നതിന് മുൻപ് സണ്ണി പോണ് ചിത്രങ്ങളിൽ വേഷമിട്ടത് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ പ്രതിഷേധം. വീരമഹാദേവിയായി സണ്ണി ലിയോണ്‍ അഭിനയിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്കാരത്തിന് കളങ്കമേൽപ്പിക്കുമെന്ന് ആരോപിച്ച് നടിയുടെ കോലം ഇവർ കത്തിച്ചു, സണ്ണിയുടെ ചിത്രങ്ങളിലും പോസ്റ്ററുകളിലും ചെരുപ്പു വച്ച് തല്ലുകയും ചെയ്തു.
സണ്ണി ലിയോണ്‍ ചിത്രത്തിൽ വേഷമിടുന്നതിനെതിരേ സംഘടിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ അംഗങ്ങളോടും ആവശ്യപ്പെടാനാണ് ഇവരുടെ തീരുമാനം. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചരിത്ര സിനിമയിൽ പോരാളിയായ രാജകുമാരിയുടെ വേഷമാണ് സണ്ണി ലിയോണ്‍ കൈകാര്യം ചെയ്യുന്നത്.
100 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.സി വടിവുടൈയാൻ ആണ്. തെലുഗിലും തമിഴിലും സണ്ണിയുടെ ആദ്യ ചിത്രമാണ് വീരമാദേവി. ചിത്രത്തിനായി കളരിപ്പയറ്റും കുതിര സവാരിയും തമിഴ് ഭാഷയും സണ്ണി പഠിച്ചിരുന്നു.