പാറമട എന്നു പറയുമ്പോള്‍ എന്തൊക്കെയാണ് മനസ്സില്‍ വരുന്നത്? യന്ത്രസാമഗ്രികളുടെ കാതടപ്പിക്കുന്ന ശബ്ദം, പൊടിനിറഞ്ഞ അന്തരീക്ഷം, തലങ്ങും വിലങ്ങും ടിപ്പര്‍ ലോറികളുടെ ഇരമ്പല്‍, നെടുകേ പിളര്‍ന്നിട്ട ഭൂമി… അങ്ങനെ പലതും ചേര്‍ന്നൊരു ചിത്രമാകും.
എന്നാല്‍ നീലേശ്വരം നഗരസഭയുടെ കിഴക്കേയറ്റത്ത് ചായ്യോം ബസാറിന് സമീപത്തുള്ള സണ്ണിച്ചേട്ടനെന്നു വിളിക്കുന്ന എ.എ. ജോസിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ക്രഷേഴ്സില് ചെന്നാല്‍ മനസ്സിലെ ചിത്രമാകെ മാറും.
ഇവിടെ ക്രഷറിനെയും യന്ത്രസാമഗ്രികളെയുമൊക്കെ ഒരരുക്കാക്കി മാറ്റിവച്ചിരിക്കുകയാണ്. ബാക്കിയുള്ള ഒരേക്കറിലേറെ സ്ഥലത്ത് അസ്സലൊരു കൃഷിത്തോട്ടമാണ്.
മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ പോലും വഴിതെറ്റിപ്പോയോ എന്ന് സംശയിച്ചുപോകും.
പക്ഷികളുടെ ലോകം
ക്രഷറിന്റെ പ്രധാന ഗേറ്റുകടന്ന് അകത്തു കയറിയാല്‍ സ്വാഗതം ചെയ്യുന്നത് കോഴികളുടെയും താറാവിന്റെയും അരയന്നങ്ങളുടെയുമൊക്കെ ശബ്ദമാണ്.
അപൂര്‍വ ഇനം കരിങ്കോഴികളും അങ്കക്കോഴികളും ടര്‍ക്കിയും അരയന്നങ്ങളും മുയലുകളുമൊക്കെ മതിലിനോടു ചേര്‍ന്ന കമ്പിവേലിക്കകത്തും മരക്കൊമ്പുകളിലും നിരന്നുനില്പാണ്. എല്ലാവര്‍ക്കുമുള്ള കൂടുകളും അതിനകത്തുതന്നെ ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്ത് മീന്‍കുളത്തില്‍ ചുവപ്പും കറുപ്പും തിലോപ്പിയയും ഗൗരാമിയുമൊക്കെ ചാടിത്തിമിര്‍ക്കുന്നു.
കരിങ്കല്ലുപോലും തിളച്ചുപൊങ്ങുന്ന പാറപ്രദേശമാണ്. ക്വാറിക്കും ക്രഷറിനുമല്ലാതെ മറ്റൊന്നിനും കൊള്ളില്ലെന്ന് ഒറ്റനോട്ടത്തില്‍ ആരും വിധിയെഴുതിപ്പോകുന്ന സ്ഥലം.
അതിന്റെ ഒത്ത നടുവിലുള്ള ജോസിന്റെ ക്രഷറിനകത്തു കയറിയാല്‍ പക്ഷേ, പെട്ടെന്ന് ഏദന്തോട്ടത്തിലെത്തിപ്പെട്ട പ്രതീതിയാകും. അപൂര്‍വ ഇനങ്ങളില്‍ പെട്ട 16 തരം മാവുകള്‍.
എട്ടിനം പ്ലാവുകള്‍. പിന്നെ 60 തരം പഴവര്‍ഗങ്ങള്‍. മിക്കതും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും കൊണ്ടുവന്ന അപൂര്‍വ ജനുസുകള്‍.
ഇസ്രായേല്‍ ഓറഞ്ചും സിംഗപ്പൂര്‍ ചെറിയും ഡ്രാഗണ്‍ ഫ്രൂട്ടും പീനട്ട് ബട്ടറും റംബൂട്ടാനും പലതരം ചാമ്പയും പേരയും ചിക്കുവും നോനിയും മധുര അമ്പഴങ്ങയുമൊക്കെ അതിനിടയിലുണ്ട്. മാവും പ്ലാവുമുള്‍പ്പെടെ എല്ലാം അധികം ഉയരം വയ്ക്കാതെ താഴെനിന്നുതന്നെ കമ്പുകൊണ്ടോ ഏണിവച്ചോ പഴങ്ങള്‍ പറിച്ചെടുക്കാവുന്ന വിധത്തിലുള്ളവയാണ്.
ജൈവഭൂമി
വിഷമില്ലാത്ത പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളുമൊക്കെ അടങ്ങുന്ന സമ്മിശ്ര കൃഷി മറുവശത്ത്. വാഴയും കപ്പയും ചേനയും ചേമ്പും കാച്ചിലുമൊക്കെ അക്കൂട്ടത്തിലുണ്ട്.
ഒന്നിനും രാസവളമോ കീടനാശിനിയോ ചേര്‍ക്കാറില്ല. പുകയില കഷായം പോലുള്ള ജൈവ നിയന്ത്രണമാര്‍ഗങ്ങള്‍ മാത്രം. അല്പമകലെയുള്ള മറ്റൊരു സ്ഥലത്ത് കാസര്‍ഗോഡ് കുള്ളന്‍ പശുക്കളെയും വളര്‍ത്തുന്നുണ്ട്. അവയുടെ ചാണകത്തില്‍ നിന്നും ബയോഗ്യാസും സ്ലറിയുമൊക്കെ ഉണ്ടാക്കും.
ക്രഷറിലെ കൃഷിയിടത്തിന്റെ ഒരു ഭാഗത്ത് തുളസിച്ചെടികളുണ്ട്. ഇത് മധുരതുളസി എന്ന ഇനമാണ്. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ സ്റ്റീവിയ. ഇലകള്‍ ഉണക്കിപ്പൊടിച്ചാല്‍ പഞ്ചസാരയ്ക്ക് പകരം നില്ക്കാവുന്ന പ്രകൃതിദത്തമായ ഉത്പന്നം.
മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇത് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും എല്ലാം അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് കടല്‍ കടന്നുപോവുകയാണെന്ന് ജോസ് പറയുന്നു.
ഉരുളക്കിഴങ്ങിന് പകരം ഉപയോഗിക്കാവുന്ന അടതാപ്പാണ് മറ്റൊരു ഇനം. മണ്ണിനടിയിലും വള്ളിയിലും ഒരുപോലെ കായ് പിടിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. മധുരച്ചേമ്പ് എന്ന മറ്റൊരു ഇനം കിഴങ്ങുവര്ഗമുണ്ട്.
മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ ക്ഷാമകാലത്ത് വിശപ്പടക്കിയിരുന്നത് ഇതിന്റെ കിഴങ്ങുകൊണ്ടായിരുന്നു. അന്ന് എല്ലാവരുടെയും പറമ്പിന്റെ ഏതെങ്കിലുമൊരു കോണില്‍ മധുരച്ചേമ്പ് നട്ടുവളര്‍ത്തുമായിരുന്നു.
അത് വര്‍ഷാവര്‍ഷം പടര്‍ന്നുകയറി കിഴങ്ങിറങ്ങും. ക്ഷാമകാലത്ത് ഇതുമാത്രം പുഴുങ്ങിത്തിന്ന് വിശപ്പിനെ പ്രതിരോധിച്ച നാളുകള്‍ ഓര്‍ത്തെടുക്കുന്ന പഴയ തലമുറക്കാര്‍ ഇന്നുമുണ്ടെന്ന് ജോസ് പറയുന്നു.
ദുബായി ടു നീലേശ്വരം
ജോസ് നേരത്തേ 15 വര്‍ഷം ദുബായില്‍ ജോലിചെയ്തിരുന്നു. 17 വര്‍ഷം മുമ്പാണ് നാട്ടിലേക്ക് തിരിച്ചുവന്ന് ക്രഷര്‍ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ക്ക് തുടക്കമിട്ടത്.
ഒമ്പതുവര്‍ഷം മുമ്പ് ക്രഷറിനായി ഏറ്റെടുത്ത സ്ഥലത്തെ വിശാലമായ ചെങ്കല്‍ പാറ കണ്ടപ്പോഴാണ് പരമ്പരാഗത കര്‍ഷകകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോസിന് ഈ സ്ഥലം കൃഷിക്കുകൂടി ഉപയുക്തമാക്കണമെന്ന ആശയം തോന്നിയത്.
പാറയില്‍ ഉപ്പുവിതറി അലിയിച്ചും ലോഡ് കണക്കിന് മണ്ണിറക്കിയുമാണ് ഒരേക്കര്‍ സ്ഥലം കൃഷിഭൂമിയാക്കി മാറ്റിയത്. മറുവശം ക്രഷറിനായും മാറ്റിവച്ചു.
സമീപത്തൊന്നും അധികം വീടുകള്‍ പോലുമില്ലാതെ വര്‍ഷങ്ങളോളം പാറ തുരന്നെടുക്കാവുന്ന സ്ഥലം മണ്ണിട്ട് കൃഷിസ്ഥലമാക്കി മാറ്റുന്നതിനെ ആദ്യം അവിശ്വാസത്തോടെ വീക്ഷിച്ചവരും ക്രമേണ സണ്ണിച്ചേട്ടന്റെ ആരാധകരായി മാറിയെന്നതാണ് ചരിത്രം.
കാര്‍ഷിക കോളജിലെയും വിവിധ സ്കൂളുകളിലെയും വിദ്യാര്‍ഥികളുള്‍പ്പെടെ ഇപ്പോള്‍ അപൂര്‍വ ഇനം പഴവര്‍ഗങ്ങളും കൃഷിരീതിയും കണ്ടറിയാന്‍ ഈ ക്രഷര്‍ ഭൂമിയില്‍ എത്തുന്നുണ്ട്.
വീട്ടുവളപ്പിലും
അധികമകലെയല്ലാതെ ചായ്യോം ബസാറിലുള്ള സണ്ണിച്ചേട്ടന്റെ വീട്ടുവളപ്പിലും അപൂര്‍വ ഇനം ഫലവര്‍ഗങ്ങള്‍ വളരുന്നുണ്ട്. തായ്ലന്‍ഡിലും ഇന്‍ഡോനേഷ്യയിലും മറ്റും ഒരുകാലത്ത് രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്താന്‍ അനുമതിയുണ്ടായിരുന്ന പെര്‍ഫ്യൂം ഫ്രൂട്ടാണ് ഇതിലൊന്ന്.
ഇതിന്റെ ചെടിക്കു പോലും ലക്ഷങ്ങള്‍ വിലപറയുന്നവരുണ്ട്. ഇതിന്റെ പഴം തുടര്‍ച്ചയായി അഞ്ചുദിവസം കഴിച്ചാല്‍ ശരീരത്തിന് സുഗന്ധമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
ഇവിടെ ഇതുവരെ ഇത് കായ്ച്ചിട്ടില്ല. ഉത്തരേന്ത്യയിലും മറ്റും കാണപ്പെടുന്ന പാലിന്റെ രുചിയുള്ള മില്‍ക്ക് ഫ്രൂട്ടാണ് മറ്റൊന്ന്. അത് കഴിഞ്ഞവര്‍ഷം കായ്ച്ചുതുടങ്ങി. ക്രഷര്‍ ഭൂമിയില്‍ നട്ട ലിച്ചിയും നന്നായി വളര്‍ന്നെങ്കിലും കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാല്‍ ഇതുവരെ കായ്ച്ചിട്ടില്ല.
രാവിലെ ക്രഷറിന്റെ ഓഫീസിലെത്തുന്ന ജോസ് അല്പസമയം കഴിഞ്ഞാല്‍ കൈയില്‍ ഒരു ബക്കറ്റുമായി തോട്ടത്തിലേക്ക് പോകും. ചെടികളെയും മരങ്ങളെയും അടുത്തുചെന്ന് പരിശോധിച്ചും പാകമായ പഴങ്ങള്‍ പറിച്ചെടുത്തുമൊക്കെ ഒരു കറക്കം.
തിരിച്ചുവരുമ്പോള്‍ അന്നത്തെ ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങളും ബക്കറ്റില്‍ കാണും. ഏറെക്കാലമായി അരി മാത്രമാണ് മാര്‍ക്കറ്റില്‍നിന്നും വാങ്ങുന്നതെന്ന് ജോസ് പറയുന്നു.
കൈയില്‍ തീറ്റയുമായി ജോസ് വരുന്നത് ദൂരെനിന്നു കാണുമ്പോള്‍ തന്നെ കോഴികളും മുയലുകളുമൊക്കെ ബഹളം കൂട്ടി തയാറായി നില്ക്കുന്നുണ്ടാകും.
വേനല്‍ക്കാലത്ത് പക്ഷികള്‍ക്ക് കുടിക്കാന്‍ വെള്ളമൊരുക്കിവച്ചും ചിലയിനം പഴങ്ങള്‍ വിളവെടുക്കാതെ പക്ഷികള്‍ക്കായി മാറ്റിവച്ചും സഹജീവികളോടുള്ള കരുതലും ജോസ് പ്രകടമാക്കുന്നുണ്ട്. വേനല്‍ക്കാലത്ത് കാക്കക്കാലിന്റെ തണല്‍ പോലുമില്ലാത്ത പാറപ്രദേശത്ത് ജോസിന്റെ തോട്ടം തന്നെയാണ് എല്ലാ ജീവികളുടെയും അഭയസ്ഥാനം.
എല്ലാവരുമുണ്ട് പറന്പിൽ
ജോസിന്റെ കാര്‍ഷിക പരീക്ഷണങ്ങളില്‍ എല്ലാവിധ പിന്തുണയുമായി ഭാര്യ ബിന്ദുവും മകന് ഏഴാംക്ലാസുകാരന്‍ ആരോണും ഒപ്പമുണ്ട്. ബംഗളൂരുവില്‍ കാര്‍ഡിയോ വാസ്കുലാര്‍ ടെക്നോളജിസ്റ്റായി ജോലിചെയ്യുന്ന മകള്‍ അല്‍ക്ക മരിയയും നാട്ടിലെത്തുമ്പോള്‍ കൂടെയുണ്ടാകും.
കുഞ്ഞനിയത്തിയായി അഞ്ചുവയസുകാരി ഏയ്ഞ്ചലുമുണ്ട്. ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുന്നതിനും ആരോഗ്യകരമായ ശരീരവും മനസ്സും ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഒരു വെല്‍നെസ് ട്രെയിനിംഗ് സെന്ററും വീടിനടുത്തായിത്തന്നെ ജോസ് ആരംഭിച്ചിട്ടുണ്ട്.
സ്ഥിരവരുമാനവും ആരോഗ്യവും മന:സമാധാനവുമാണ് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ഏറ്റവും അനിവാര്യമായ മൂന്നു കാര്യങ്ങളെന്ന് ജോസ് പറയുന്നു.
മറ്റൊരു സ്ഥലത്ത് പുഴയോരത്തുള്ള അരയേക്കര്‍ തെങ്ങിന്തോപ്പ് നനയ്ക്കാന്‍ മോട്ടോര്‍ വച്ച് പുഴയിലെ വെള്ളമെടുത്തതിന് കൃഷിവകുപ്പിന്റെ തടസവാദം കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് ജോസ് പറയുന്നു. പിന്നെ ഒരു ലക്ഷത്തിലേറെ രൂപ ചെലവാക്കി പുഴക്കരയില്‍ കിണര്‍ കുഴിക്കേണ്ടിവന്നു.
പല വിദേശരാജ്യങ്ങളിലും ചെയ്യുന്നതുപോലെ പ്രകൃതിവിഭവങ്ങളെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നമ്മുടെ നിയമങ്ങള്‍ അനുവദിക്കാത്ത അവസ്ഥയാണ്. ക്രഷര്‍ പോലുള്ള സംരംഭങ്ങളുടെ കാര്യത്തിലും ഈ പ്രശ്നമുണ്ട്.
ക്രഷര്‍ ഭൂമിയെ മാതൃകാപരമായ രീതിയില്‍ കൃഷിക്കുപയുക്തമാക്കിയതിന്റെ പേരില്‍ ജോസിന് അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
പാറപ്രദേശമായതിനാല്‍ ജലസംരക്ഷണത്തിനായി മഴവെള്ള സംഭരണിയും ഡ്രിപ് ഇറിഗേഷനുമടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ചുരുങ്ങിയ സ്ഥലത്ത് കോഴിവളര്‍ത്തലിനായി ജോസ് ഉണ്ടാക്കിയ സംവിധാനം നിത്യവരുമാനക്കാരായ വീട്ടമ്മമാരുള്‍പ്പെടെ നിരവധി പേര് മാതൃകയാക്കിയിട്ടുണ്ട്.
ക്രഷറുകള്‍ക്കെതിരെ എല്ലായിടത്തും സമരം ചെയ്യാനെത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകരും ജോസിന്റെ ക്രഷറിനു മുന്നിലെത്തിയാല്‍ ഒരുപക്ഷേ ജയ് വിളിച്ചുപോകും.
ശ്രീജിത് കൃഷ്ണന്