കൊച്ചി: കേരളത്തിലും വിദേശത്തുമായി ഷോ നടത്താമെന്നു സമ്മതിച്ചു 39 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ചു പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്കിയ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ബോളിവുഡ് നടി സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയല്‍ വെബെര്‍, ഇവരുടെ കമ്പനി ജീവനക്കാരന് സുനില്‍ രജനി എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഷോയുമായി ബന്ധപ്പെട്ട സിവില്‍ തര്‍ക്കം മാത്രമായ സംഭവത്തില്‍ വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നു ഹര്‍ജിയിൽ പറയുന്നു.
കേരളത്തിലും ബഹ്റൈനിലും തന്റെ ഷോ നടത്താമെന്നു സമ്മതിച്ചു സണ്ണി ലിയോണ്‍ 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന ഷിയാസിന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കഴിഞ്ഞ മൂന്നിനു സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതി ഇന്നു ഹര്‍ജി പരിഗണിച്ചേക്കും.