തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ ഇന്നു സൂര്യാഘാതത്തിനു സാധ്യതയുള്ളതായി ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് സൂര്യാഘാത, സൂര്യാതപ മുന്നറിയിപ്പ്. ഇവിടങ്ങളിൽ കൂടിയ താപനിലയിൽ രണ്ടു മുതൽ മൂന്നു വരെ ഡിഗ്രി സെൽഷസിന്റെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതം ഒഴിവാക്കുന്നതിനായി പൊതുജനങ്ങൾ താഴെപ്പറയുന്ന കാര്യങ്ങൾ പാലിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചു.
* പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞുമൂന്നു വരെ എങ്കിലും നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നതിൽനിന്ന് ഒഴിവാകണം
* നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കൈയിൽ കരുതുക
* രോഗങ്ങൾ ഉള്ളവർ 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ എങ്കിലും സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക
* പരമാവധി ശുദ്ധജലം കുടിക്കുക; കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
* അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
* വിദ്യാർഥികൾക്ക് പരീക്ഷക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ കുട്ടികൾക്കു നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക.
* തൊഴിൽസമയം: തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത മുൻനിർത്തി തൊഴിൽ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴിൽദാതാക്കൾ ഈ നിർദേശം പാലിക്കുക
* തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന സാമൂഹിക പ്രവർത്തകർ ഈ മുന്നറിയിപ്പ് സന്ദേശം ശ്രദ്ധിക്കുക.