തൊടുപുഴ: നാട് വേനൽച്ചൂടിൽ ചുട്ടുപൊള്ളുന്നു. പകൽ സമയങ്ങളിലെ കനത്ത ചൂടുമൂലം ജനജീവിതം ദുഃസഹമായി. ചൂടു കൂടിയതോടെ പല മേഖലകളിലും ജലക്ഷാമവും അനുഭവപ്പെട്ടു തുടങ്ങി. ചൂടിന്റെ കാഠിന്യം മൂലം പകൽ പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
കഴിഞ്ഞ ദിവസം പകൽ 37 ഡിഗ്രി സെൽഷ്യസാണ് തൊടുപുഴ മേഖലയിലെ താപനില. വർഷങ്ങൾക്കു ശേഷമാണ് ജില്ലയിൽ താപനില ഇത്രയും ഉയരുന്നത്. ഇതോടൊപ്പം വൈദ്യുതി മുടക്കം കൂടി ഉണ്ടായാൽ ജനം വിയർത്തൊലിക്കും. ഇടയ്ക്ക് ആശ്വാസമായി വേനൽമഴ എത്തിയിരുന്നെങ്കിലും കാര്യമായി പ്രയോജനം ചെയ്തില്ല. ഇതിനിടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതും ആശങ്കയ്ക്കിടയാക്കുന്നു.
പകൽച്ചൂട് ഉയർന്നു നിൽക്കുന്നത് നിർമാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. ഉച്ചസമയത്തെ ജോലിക്കു നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചൂട് തൊഴിലാളികൾക്ക് താങ്ങാനാവാത്ത അവസ്ഥയാണ്. ചൂടിന്റെ കാഠിന്യം മൂലം ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഒട്ടേറെ തൊഴിലാളികൾ ഇപ്പോൾ ജോലിക്കു വരുന്നില്ലെന്ന് കരാറുകാർ പറയുന്നു. ഇതിനിടെ പകർച്ചവ്യാധി പിടിപ്പെട്ട് ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. ചിക്കൻപോക്സ്, പകർച്ചപ്പനി, ന്യുമോണിയ തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി പിടിപെടുന്നത്. ചൂട് വർധിച്ചതോടെ വിവിധ മേഖലകളിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായി.
ചൂട് അധികരിച്ചതോടെ സൂര്യാഘാതത്തിനെതിരേ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും.
ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം . വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേതുടർന്നുള്ള അബോധാവസ്ഥയും ഉണ്ടായേക്കാം. ഇങ്ങനെയുണ്ടായാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.
സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എസി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കുക. ഫലങ്ങളും സാലഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.
മുതിർന്ന പൗരൻമാർ , കുഞ്ഞുങ്ങൾ, ഗുരുതരമായ രോഗം ഉളളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.ചൂടിന് കാഠിന്യം കൂടുന്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ മൂന്നുവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. കട്ടി കുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊളളലും ഉണ്ടാകുകയും ചെയ്യാം.
ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളിയ ഭാഗത്ത് കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂടു കൂടുന്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുളള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്.