കോട്ടയം: പോലീസ് പിടിയിലായശേഷം കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ആക്രമണം നടത്തിയ ഏറ്റുമാനൂർ സ്വദേശി ബിലാൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ്.
ഇന്നലെ രാത്രിയിൽ ലഹരി ഉപോഗിച്ചു വാഹനമോടിച്ചതിനു പോലീസ് പിടിയിലായ യുവാവ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും ബേക്കർ ജംഗ്ഷനിലും സംഘർഷമുണ്ടാക്കിയിരുന്നു. തുടർന്ന് ഇയാളെ വെസ്റ്റ് പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചതിനുശേഷം അക്രമം നടത്തുകയായിരുന്നു.
സ്റ്റേഷനിലെ ജനൽച്ചില്ല് കൈകൊണ്ട് ഇയാൾ ഇടിച്ചു പൊട്ടിച്ചു. കൈക്കു പരിക്കേറ്റ യുവാവിന പോലീസ് കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചു വൈദ്യ സഹായം നൽകിയതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റുമാനൂർ സ്വദേശിയാണെങ്കിലും ഇയാളുടെ അമ്മ കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതിനാൽ ഇയാൾ കോഴിക്കോടാണ് താമസിക്കുന്നത്.
ഇന്നലെ വിവിധ ആവശ്യങ്ങൾക്കായി കോട്ടയത്ത് എത്തിയപ്പോഴാണ് അക്രമം നടത്തിയത്. ഇയാളുടെ പേരിൽ കോട്ടയത്തെ വിവിധ സ്റ്റേഷനുകളിൽ മാല പൊട്ടിക്കൽ ഉൾപ്പെടെയുള്ള കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു.
ആക്രമണമുണ്ടായ സമയത്ത് ഇയാൾ ഉപയോഗിച്ചിരുന്ന ലഹരി ഏതാണെന്ന് അറിയുന്നതിനായി പോലീസ് രക്ത സാന്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അറസ്റ്റിലായ ബിലാലിനെ ഇന്നു കോടതിയിൽ ഹാജരാക്കും. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.