കൊച്ചി: വേനലിന്റെ തുടക്കത്തിൽതന്നെ കേരളം ചുട്ടുപൊള്ളാൻ കാരണം അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സാന്നിധ്യം ആപൽക്കരമായി വർധിച്ചതിനാലാണെന്നു ശാസ്ത്രലോകം. കേരളത്തിലും തമിഴ്നാട്ടിലും യുവി രശ്മികളുടെ സാന്നിധ്യം സാധാരണയിലധികം കൂടിയിരിക്കുകയാണെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.
യുവി രശ്മികളുടെ സാന്നിധ്യം മനസിലാക്കുന്നതിനുള്ള മാപ്പ് അനുസരിച്ച് കേരളത്തിലും തമിഴ്നാട്ടിലും ഇന്നലെ പത്തായിരുന്നു യുവി സൂചിക. ഏഴു മുതൽ മുകളിലേക്ക് യുവി സൂചിക വന്നാൽ ആപൽക്കരം (റിസ്ക്) ആണ്. 10 മുതൽ മുകളിലേക്കായാൽ അതീവ ആപൽക്കരവും (ഹൈ റിസ്ക്) 15 നു മുകളിലായാൽ അത്യന്ത ആപൽക്കരവും (വെരി ഹൈ) ആണ്. യുവി രശ്മികൾ ചുടേറ്റുമെന്നു മാത്രമല്ല തൊലിപ്പുറത്തുള്ള കാൻസറിനും കാഴ്ചശക്തി കുറയാനും വഴിവയ്ക്കുമെന്നും ഡോ. മനോജ് ചൂണ്ടിക്കാട്ടി.
ഓസോണ്‍ പാളികൾ യുവി രശ്മികളെ നിർവീര്യമാക്കുന്നുണ്ടെങ്കിലും ഗ്രീൻഹൗസ് വാതകങ്ങളുടെ സാന്നിധ്യം ഓസോണ്‍ പാളിക്ക് തകാരാറുണ്ടാക്കുന്നുണ്ട്. വികസിത രാജ്യങ്ങൾ ഗ്രീൻ ഹൗസ് വാതകങ്ങൾ പുറത്തുവിടുന്നത് നിയന്ത്രിക്കുന്നതുകൊണ്ട് ആ രാജ്യങ്ങളിൽ ഓസോണ്‍ പാളികൾ വർധിക്കുന്നു. എന്നാൽ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ ഇക്കാര്യത്തിൽ പിറകിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൂര്യാതപ സാധ്യത ഇത്തവണ കൂടുതൽ
സൂര്യാതപ സാധ്യത ഇത്തവണ കൂടുതലായിരിക്കും. ഇപ്പോൾതന്നെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. അന്തരീക്ഷത്തിലെ ഊഷ്മാവ് അതേ തരത്തിലല്ല മനുഷ്യശരീരത്തിൽ അനുഭവപ്പെടുക.
മനുഷ്യശരീരത്തെ ആവിയിൽ പുഴുങ്ങിയെടുക്കുന്ന അവസ്ഥയാണ് ഇതു മൂലം സൃഷ്ടിക്കപ്പെടുന്നത്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതൽ തങ്ങുന്നതും ശരീരോഷ്മാവ് വർധിക്കാൻ ഇടയാക്കും. ഓസോണ്‍ പാളി യുവി രശ്മികളുടെ സാന്നിധ്യം കുറയ്ക്കുമെങ്കിലും അന്തരീക്ഷത്തിൽ 25 കിലോമീറ്ററിൽ താഴേക്ക് ഓസോണ്‍ മൂലകം ഇറങ്ങിവരുന്നത് മലിനീകരണമായി കണക്കാക്കാം. ഇതും അന്തരീക്ഷത്തിലെ ചൂടു വർധിപ്പിക്കും. ഈ പ്രതിഭാസവും സംസ്ഥാനത്ത് പലയിടത്തും ദൃശ്യമാണ്.
ചാകര, മത്സ്യലഭ്യത തുടങ്ങിയ കാര്യങ്ങളേയും ഇതു ബാധിക്കും. കഴിഞ്ഞ 100 വർഷത്തിനുള്ളിൽ ശരാശരി ഒരു ഡിഗ്രി ചൂടാണ് ഭൂമുഖത്ത് വർധിച്ചത്. ഇത് പലയിടത്തും ഏറിയും കുറഞ്ഞുമാണ് അനുഭവപ്പെടുന്നത്. ചൂടിന്റെ ആധിക്യം കണക്കിലെടുത്ത് ഇത്തവണത്തെയും വരും വർഷങ്ങളിലെയും ജലക്ഷാമത്തെ നേരിടാനുള്ള തയാറെടുപ്പുകൾ ഇപ്പോൾത്തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. മണ്ണിനേയും പരിസ്ഥിതിയേയും വിശ്വാസത്തിലെടുത്ത് ജനകീയ കൂട്ടായ്മയിലൂടെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കണം.
മാർച്ച് മുതൽ സെപ്റ്റംബർ വരെയാണ് നമ്മുടെ വേനൽക്കാലം. എന്നാൽ ഇവിടെ ജൂണ്‍ മുതൽ മഴ ലഭിക്കുന്നതു കൊണ്ട് മാർച്ച് മുതൽ മേയ് വരെ മാത്രമെ നമ്മൾ വേനൽക്കാലമായി കണക്കുകൂട്ടാറുള്ളൂ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 34 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കൊച്ചി നഗരത്തിലെ പരമാവധി ചൂടിന്റെ ശരാശരി. ഇതുവരെ അത് രണ്ട് ഡിഗ്രി കൂടി 36 ലേക്ക് എത്തിയിട്ടുണ്ട്. മാസാവസാനമാകുന്പോഴേക്കും ഇതു ഒരു ഡിഗ്രി കൂടി കൂടിയേക്കാം.
ഭൂഗർഭജലത്തിന്റെ അളവു താഴുന്നു
വിവിധ കാരണങ്ങളാൽ ഭൂഗർഭ ജലത്തിന്റെ അളവു മൂന്നു മുതൽ നാലു മീറ്റർ വരെ താഴ്ന്നിട്ടുണ്ടെന്നു ഡോ. എം.ജി. മനോജ് പറഞ്ഞു. സമീപഭാവിയിൽ ഇതു കടുത്ത ജലദൗർലഭ്യത്തിനു വഴിവയ്ക്കും. ഇതു പരിഹരിക്കാനായി ഏറ്റവും ഫലപ്രദമായ മാർഗം മഴക്കുഴികൾ വഴി ജലം പരമാവധി മണ്ണിലിറക്കുക എന്നതാണ്. അടുത്ത വേനൽമഴ മുതൽ ഇടവപ്പാതിയിലെ മഴ വരെ കഴിയുന്നത്ര വെള്ളം മണ്ണിലിറക്കണം.
ഭൂമിക്കുള്ളിലേക്ക് വെള്ളം കിനിഞ്ഞിറങ്ങാൻ ഉതകുന്ന പാടശേഖരങ്ങൾ പോലുള്ള ഭൂപ്രദേശങ്ങൾ കണ്ടെത്തി സംരക്ഷിക്കണം. നമ്മെ തുറിച്ചു നോക്കുന്ന ഇത്തവണത്തെ വേനലിനെ നേരിടാൻ നാം വൈകിയിരിക്കുന്നു. ഇനി പരിമിതശേഷിയുള്ള മാർഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
വീടുകളുടെ ടെറസിൽ വെളുത്ത പെയിന്റ് അടിച്ചാൽ ഇതിൽ തട്ടി 20 ശതമാനത്തോളം ദോഷകരമായ രശ്മികളും തിരിച്ചുപോവും. എയർകണ്ടീഷണറിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണു മറ്റൊന്ന്.
എസി താഴ്ത്തുന്പോൾ പുറത്തേക്ക് വമിക്കുന്നത് ഹരിതാലയ വാതകങ്ങളാണ്. നമ്മുടെ വീട് തണുക്കുന്പോൾ അയൽക്കാരന്റെ വീട് ചൂടാക്കുകയാണ് എസി ചെയ്യുന്നത്. ഇതേപ്പറ്റി ആളുകൾക്ക് ബോധവത്ക്കരണം നൽകുന്നതിലൂടെ മാത്രമേ വേലിക്കപ്പുറമെത്തി നിൽക്കുന്ന മാരകവേനലിനെ കുറച്ചെങ്കിലും ചെറുക്കാൻ കഴിയൂ.
ബേസിൽ ആലങ്ങാടൻ