വൈശാലി എന്ന ഒറ്റ സിനിമയിലൂടെത്തന്നെ മലയാളികളുടെ മനസ്സ് കീഴടക്കിയ ആളാണ് സുപര്‍ണ ആനന്ദ്. 1979 ല്‍ റിലീസിനെത്തിയ ഹിന്ദി ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശനം. ഭരതന്‍ സംവിധാനം ചെയ്ത വൈശാലിയുലൂടെ ആയിരുന്നു നായികയായിട്ടുള്ള അരങ്ങേറ്റ ചിത്രം. പിന്നീട് ഹിന്ദിയിലും കന്നഡയിലും നിരവധി സിനിമകള്‍ സുപര്‍ണയ്ക്ക് ലഭിച്ചു. വൈശാലി ഇറങ്ങിയ അതേ വര്‍ഷം ഹിന്ദി ചിത്രം തെസാബിയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പത്മരാജന്റെ സംവിധാനത്തില്‍ 1991 ല്‍ റിലീസിനെത്തിയ ഞാന്‍ ഗന്ധര്‍വ്വന്‍ ആയിരുന്നു വൈശാലിയുടെ അവസാന മലയാള ചിത്രം. വൈശാലിയ്ക്ക് ശേഷം ഉത്തരം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, എന്നിങ്ങനെയുള്ള മലയാള സിനിമകളിലാണ് നടി അഭിനയിച്ചിരിക്കുന്നത്. പിന്നീട് സുപര്‍ണയ്ക്ക് കൂടുതലും ലഭിച്ചത് ഹിന്ദി സിനിമകളായിരുന്നു. 1997 ല്‍ ആസ്ത ഇന്‍ ദി പ്രിസണ്‍ ഓഫ് സ്പ്രിംഗ് ആണ് അവസാന ചിത്രം. അതിന് ശേഷം സിനിമാ ജീവിതത്തില്‍ നിന്നും മാറി സുപര്‍ണ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. വൈശാലിയിലെ നായകന്‍ സഞ്ചയ്‌യെയാണ് സുപര്‍ണ വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
ഇപ്പോഴിതാ താന്‍ അഭിനയിച്ചിരുന്ന കാലത്തും കൗസ്റ്റിങ് കൗച്ച് ഉണ്ടായിരുന്നതിനെ കുറിച്ച് നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്. കാസ്റ്റിങ് കൗച്ച് ദുഃഖകരമായ കാര്യമാണ്. താന്‍ അഭിനയിച്ചിരുന്ന കാലത്തും ഇതൊക്കെ ഉണ്ടായിരുന്നു. ഇന്നും സിനിമ പുരുഷകേന്ദ്രീകൃതമാണ്. അതിനാല്‍ തന്നെ സിനിമയിലെ സത്രീ കൂട്ടായ്മയെ താന്‍ സ്വാഗതം ചെയ്യുന്നതായി പറയുകയാണ് സുപര്‍ണ. അവസരം ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും നടി പറയുന്നു.
ഈ പ്രായത്തിന് അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ തനിക്ക് ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. ഇതുവരെ പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മുപ്പത് വര്‍ഷത്തിന് ശേഷവും മലയാളികള്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്നും സൂപര്‍ണ പറയുന്നു. നേരത്തെ ടെലിവിഷന്‍ പരിപാടിയിലൂടെ സുപര്‍ണ വീണ്ടും മലയാളത്തിലേക്ക് എത്തിയിരുന്നു. നടി മലയാളം സിനിമയിലേക്ക് അധികം വൈകാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.