ഭുവനേശ്വർ: സൂപ്പർ കപ്പ് ഫുട്ബോൾ സെമി ഫൈനലിൽ ചരിത്രത്തിൽ ആദ്യമായി പ്രവേശിക്കാമെന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രതീക്ഷ അസ്ഥാനത്ത്. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ജംഷഡ്പുർ എഫ്സിയോട് 3-2ന് കൊന്പന്മാർ പരാജയപ്പെട്ടു.
29-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമാന്റകോസിന്റെ ഗോളിൽ ലീഡ് നേടിയശേഷമാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോളും ഗ്രീക്ക് താരമായ ഡയമാന്റകോസായിരുന്നു (62’ പെനാൽറ്റി) നേടിയത്.
സച്ചിന്റെ കൈ ചോർന്നു
ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷിന്റെ കൈ ചോർന്നതാണ് തോൽവിയിൽ നിർണായകമായത്. 1-1 എന്ന നിലയിൽ രണ്ടാം പകുതിക്ക് ഇറങ്ങിയ ജംഷഡ്പുർ 57-ാം മിനിറ്റിൽ ഡാനിയേൽ ചീമയിലൂടെ ലീഡ് നേടി. 33-ാം മിനിറ്റിൽ ജംഷഡ്പുരിന് സമനില നൽകിയതും ചീമയായിരുന്നു.
57-ാം മിനിറ്റിൽ ചീമ തൊടുത്ത ഷോട്ട് തടയാൻ ശ്രമിച്ച സച്ചിൻ സുരേഷിന്റെ കൈയിൽനിന്ന് ചോർന്ന് പന്ത് ഗോൾ വര കടക്കുകയായിരുന്നു. 69-ാം മിനിറ്റിൽ മാർക്കൊ ലെസ്കോവിച്ച് ബോക്സിനുള്ളിൽ നടത്തിയ ഫൗളിന് ബ്ലാസ്റ്റേഴ്സിന് എതിരേ പെനാൽറ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ജെറേമി ഫിലിപ്പ് ജംഷഡ്പുരിന് ഗ്രൂപ്പിൽ രണ്ടാം ജയം നൽകി.
ബ്ലാസ്റ്റേഴ്സിന്റെ സാധ്യത
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഗ്രൂപ്പിലെ ആദ്യമത്സരത്തിൽ 2-1നു കീഴടക്കിയ ജംഷഡ്പുർ രണ്ടാം ജയത്തോടെ ആറ് പോയിന്റുമായി സെമി സാധ്യത സജീവമാക്കി. 20ന് ഷില്ലോംഗ് ലാജോംഗിന് എതിരേയാണ് ജംഷഡ്പുരിന്റെ അവസാന മത്സരം.
അന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേയാണ് ബ്ലാസ്റ്റേഴ്സിനു മുന്നിലുള്ള അവസാന പോരാട്ടം. ഷില്ലോംഗ് ലാജോംഗ് ജംഷഡ്പുരിനെ കീഴടക്കുകയും ബ്ലാസ്റ്റേഴ്സ് മികച്ച ഗോൾ വ്യത്യാസത്തോടെ നോർത്ത് ഈസ്റ്റിനെ തോൽപ്പിക്കുകയും ചെയ്താൽ മാത്രമേ കൊന്പന്മാർക്ക് സെമിയിലേക്കുള്ള വഴി തെളിയുകയുള്ളൂ.
ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി 2-1ന് ഷില്ലോംഗ് ലാജോംഗ് എഫ്സിയെ തോൽപ്പിച്ചു. തുടർച്ചയായ രണ്ടാം തോൽവിയോടെ ഷില്ലോംഗ് നോക്കൗട്ട് കാണാതെ പുറത്തായി. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിനും നോർത്ത് ഈസ്റ്റിനും മൂന്ന് പോയിന്റ് വീതമായി.