സൂപ്പർഹീറോ എന്നു കേട്ടാൽ അതിശയവും അത്ഭുതവുമാണ് നമുക്ക്. നന്മയ്ക്കൊപ്പം നിന്ന് തിന്മകൾക്കെതിരെ പോരാടുന്നവരും തിന്മകൾക്കൊപ്പം നിൽക്കുന്നവരുമായി സൂപ്പർഹീറോസ് സിനിമകളിൽ നിറഞ്ഞാടുന്നു.
നമ്മുടെ ചിന്തകളിലേക്ക് സൂപ്പർഹീറോസ് എത്തിത്തുടങ്ങിയിട്ട് നാളേറെയായിട്ടില്ല. എന്നാൽ, വിദേശരാജ്യങ്ങളിലെ കുട്ടികളൊക്കെ വർഷങ്ങളായി മനസിലും പോക്കറ്റിലുമൊക്കെ ആരാധിക്കുന്ന കുറേ അമാനുഷികരുണ്ട്.
ആ സൂപ്പർഹീറോസിൽ കൂടുതലും അമേരിക്കൻ സൃഷ്ടികളാണ്. കോമിക് ബുക്കുകളിൽ ജന്മം കൊണ്ട് പിന്നീട് സിനിമകളിലൂടെ ലോകപ്രശസ്തരായവർ.
ഇപ്പോൾ നമുക്ക് മലയാളത്തിലും ഒരു സൂപ്പർഹീറോയെ കിട്ടിയിട്ടുണ്ട്. ലോക്കൽ സൂപ്പർ ഹീറോ…മിന്നൽ മുരളി. നമ്മുടെ സൂപ്പർ ഹീറോകൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. നമുക്ക് അടുത്ത സൂപ്പർഹീറോയ്ക്കായി കാത്തിരിക്കാം.
അമാനുഷിക ശക്തിയുള്ളവരും ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതുമായ സൂപ്പർഹീറോസുണ്ട്. അത്തരത്തിൽ ചില പ്രമുഖ സൂപ്പർഹീറോകളെ നമുക്കു പരിചയപ്പെടാം…
സ്പൈഡർമാൻ
സൂപ്പർഹീറോ ചിത്രങ്ങളിൽ ഏറെ പ്രശസ്തി നേടിയ കഥാപാത്രം. മാർവൽ കോമിക്സിന്റെ അമേസിംഗ് ഫാന്റസിയുടെ 15-ാം ലക്കത്തിലാണു സ്പെെഡർമാന്റെ രംഗപ്രവേശനം.
സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവരാണു കഥാപാത്രത്തിന്റെ സ്രഷ്ടാക്കൾ. ഒരിക്കൽ റേഡിയോ ആക്ടീവ് ചിലന്തിയുടെ വിഷമേറ്റതിനെത്തുടർന്ന് പീറ്ററിനു ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട്, സ്പൈഡർമാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള കാർട്ടൂണ്‍ കഥാപാത്രമാണ് സ്പൈഡർമാൻ. സ്പെെഡർമാൻ (2002), സ്പെെഡർമാൻ -2 (2004), സ്പെെഡർമാൻ – 3 (2007), ദി അമേസിംഗ് സ്പെെഡർമാൻ (2012), ദി അമേസിംഗ് സ്പെെഡർമാൻ 2 (2014), സ്പെെഡർമാൻ ഹോം കമിംഗ് (2017), സ്പെെഡർമാൻ ഇൻടു ദി സ്പെെഡർ വേഴ്സ് (2018), സ്പെെഡർമാൻ ഫാർ ഫ്രം ഹോം (2019), സ്പെെഡർമാൻ നോ വേ ഹോം (2021) എന്നീ സിനിമകളിൽ പ്രധാനകഥാപാത്രമായി ഇൗ സൂപ്പർഹീറോ തിളങ്ങി.
കാപ്റ്റൻ അമേരിക്ക
അമേരിക്കൻ ആരാധകരുടെ ഇഷ്ടകഥാപാത്രമാണ് യോദ്ധാവായ ഇൗ സൂപ്പർഹീറോ.
മാർവൽ കോമിക്സിന്റെ മുൻഗാമിയായിരുന്ന ടൈംലി കോമിക്സ് പ്രസിദ്ധീകരിച്ച കോമിക്സിലായിരുന്നു കാപ്റ്റൻ അമേരിക്ക എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കാർട്ടൂണിസ്റ്റുകളായ ജോ സൈമണ്‍, ജാക്ക് കിർബി എന്നിവരുടേതാണു സൃഷ്ടി.
രണ്ടാം ലോക മഹായുദ്ധത്തിലെ ദുഷ്ടശക്തികളെ നേരിടുന്ന രാജ്യസ്നേഹിയായ സൂപ്പർ യുദ്ധനായകനായാണു കാപ്റ്റൻ അമേരിക്ക അവതരിപ്പിക്കപ്പെട്ടത്.
1950 ൽ കോമിക് ബുക്ക് നിർത്തലാക്കിയെങ്കിലും പിന്നീട് 1964ൽ മാർവൽ കോമിക്സ് കഥാപാത്രത്തിനു പുനർജീവൻ നല്കി.
2011ലെ ഇമാജിൻ ഗെയിംസ് നെറ്റ്വർക്കിന്റെ എക്കാലത്തേയും മികച്ച 100 കോമിക് പുസ്തക നായകന്മാരിൽ ആറാം സ്ഥാനമാണു കാപ്റ്റൻ അമേരിക്കയ്ക്ക്.
2012ൽ ടോപ്പ് 50 അവൻഞ്ചേഴ്സ് പട്ടികയിൽ രണ്ടാം സ്ഥാനത്തും 2014ൽ മാർവൽ സൂപ്പർ നായകന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമെത്തി.
അയേണ്‍മാൻ
മാർവൽ കോമിക്സിന്റെ മറ്റൊരു സൂപ്പർ ഹീറോ. സ്റ്റാൻ ലീ, ലാറി ലീബർ, ഡോണ്‍ ഹെക്ക്, ജാക്ക് കിർബി എന്നിവരാണു കഥാപാത്രത്തെ നിർമിച്ചത്.
1963 മാർച്ചിൽ പുറത്തിറങ്ങിയ ടെയ്ൽസ് ഓഫ് സസ്പെൻസ് 39-ാം ലക്കത്തിലാണു അയേണ്‍മാൻ ആദ്യമാ യി പ്രത്യക്ഷപ്പെട്ടത്.
ആദ്യകാലങ്ങളിൽ, ശീതയുദ്ധത്തെയും പ്രത്യേകിച്ച്, കമ്യൂണിസത്തിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കൻ സാങ്കേതിക വിദ്യയുടേയും വാണിജ്യത്തിന്റെയും പങ്കിനെയാണു സ്റ്റാൻ ലീ അയേണ്‍മാൻ പുസ് തകങ്ങളിൽ വിഷയമാക്കിയത്.
എന്നാൽ, പിന്നീട് ശീതയുദ്ധ ആശയങ്ങൾ മാറി സമകാലിക പ്രസക്തിയുള്ള തീവ്രവാദവും ക്രിമിന ൽ സംഘടനകളുമായി അയേണ്‍മാൻ പുസ്തകങ്ങളിലെ വിഷയങ്ങൾ.
2008, 2010, 2013 വർഷങ്ങളിൽ അയേണ്‍മാൻ, അയേണ്‍മാൻ – 2, അയേണ്‍മാൻ – 3 എന്നീ ചിത്രങ്ങൾ പുറത്തിറ ങ്ങി.
അവഞ്ചേഴ്സ് ചിത്രങ്ങളിലും കാപ്റ്റൻ അമേരിക്ക: സിവിൽ വാർ, സ്പെെഡർമാൻ ഹോം കമിംഗ് തുടങ്ങിയവയിലും അയേണ്മാനെത്തി.
ബാറ്റ്മാൻ
ഡിസി കോമിക്സിന്റെ ഒരു കോമിക് പുസ്തക കഥാപാത്രമാണ് ബാറ്റ്മാൻ. ചിത്രകാരനായ ബോബ് കെയിൻ എഴുത്തുകാരനായ ബിൽ ഫിങ്കർ എന്നിവർ ചേർന്നാണു ബാറ്റ്മാൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
1939 മേയിൽ പുറത്തിറങ്ങിയ ഡിക്ടറ്റീവ് കോമിക്സ് 27-ാം ലക്കത്തിലാണു ബാറ്റ്മാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
ഒരു ധനിക വ്യവസായിയായ ബ്രൂസ് വെയ്നാണ് അനീതിക്കെതിരേ പോരാടാനായി ബാറ്റ്മാനായി മാറുന്നത്.
കുട്ടിയായിരിക്കുന്പോൾ മാതാപിതാക്കൾ കൊലചെയ്യപ്പെടുന്നതിനു സാക്ഷിയായ ബ്രൂസ് തിന്മയ്ക്കെതിരെ പോരാടാനായി തീരുമാനിക്കുന്നു.
പിന്നീട് ശാരീകമായും മാനസികമായും കഠിന പരിശീലനം നടത്തിയശേഷം ബ്രൂസ് വവ്വാലുമായി ബന്ധമുള്ള പേരും വേഷവും സ്വീകരിച്ചു തന്റെ ദൗത്യം ആരംഭിക്കുന്നു. സാങ്കല്പി ക നഗരമായ ഗോഥമിലാണു ബാറ്റ്മാന്റെ പ്രവർത്തനം.
ബാറ്റ്മാൻ (1989), ബാറ്റ്മാൻ റിട്ടേൺസ് (1992), ബാറ്റ്മാൻ ഫോർഎവർ (1995), ബാറ്റ്മാൻ ആൻഡ് റോബിൻ (1997), ബാറ്റ്മാൻ ബിഗിൻസ് (2005), ദി ഡാർക്ക് നെെറ്റ് (2008), ദി ഡാർക്ക് നെെറ്റ് റെെസസ് (2012) തുടങ്ങിയ സിനിമകൾ ബാറ്റ്മാന്റേതായി പുറത്തിറങ്ങി.
സൂപ്പർമാൻ
ലോകത്തിലെ ജനപ്രിയ സൂപ്പർഹീറോ. ആക്ഷൻ കോമി ക്സ് ഒന്നാം ലക്കത്തിലാണു സൂപ്പർമാന്റെ രംഗപ്രവേശനം. ജെറി സീഗൽ, ജോ ഷുസ്റ്റർ എന്നിവർ ചേർന്നാണ് 1932-ൽ കഥാപാത്രത്തിനു ജന്മം നൽകിയത്.
ക്രിപ്റ്റണ്‍ എന്ന ഗ്രഹത്തിൽ കാൽ - എൽ (Kal-El) എന്ന പേരിലാണ് സൂപ്പർമാന്റെ ജനനം. ക്രിപ്റ്റണ്‍ ഗ്രഹം നശിക്കുന്നതിനു അൽപനിമിഷങ്ങൾക്കു മുന്‍പ് ശിശുവായ കാൽ - എലിനെ പിതാവ് ജോർ - എൽ ഒരു റോക്കറ്റിൽ കയറ്റി ഭൂമിയിലേക്കയയ്ക്കുന്നു.
ഒരു കർഷക കുടുംബം അവനെ കണ്ടെത്തുകയും ക്ലാർക്ക് കെന്റ് എന്ന പേരിൽ വളർത്തുകയും ചെയ്യുന്നു. വളരെ ചെറുപ്പത്തിൽത്തന്നെ കെന്റ് അമാനുഷിക ശക്തികൾ പ്രകടിപ്പിക്കുവാൻ തുടങ്ങി.
മുതിർന്ന ശേഷം, തന്റെ ശക്തികൾ മാനവരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുവാൻ കെന്റ് തീരുമാനിക്കുന്നു.
റേഡിയോ പരന്പരകൾ, ടെലിവിഷൻ പരിപാടികൾ, ചലച്ചിത്രങ്ങൾ, വീഡിയോ ഗെയിമുകൾ എന്നിവയിലെല്ലാം സൂപ്പർമാൻ പ്രത്യക്ഷപ്പെട്ടു. സൂപ്പർമാൻ ദി മൂവി, സൂപ്പർമാൻ – 2, സൂപ്പർമാൻ – 3, സൂപ്പർമാൻ – 4: ദി ക്വസ്റ്റ് ഫോർ പീസ്, സൂപ്പർമാൻ റിട്ടേൺസ് എന്നീ സിനിമകളിലും സൂപ്പർമാൻ തരംഗമായി.