കൊച്ചി: കാൽപ്പന്തുകളി ആവേശത്തിന്റെ നാളുകൾ ഇങ്ങെത്തി. കേരളത്തിന്റെ ആദ്യ ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലീഗ് കേരളയ്ക്ക് സെപ്റ്റംബര്‍ ഏഴിനു രാത്രി 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ കിക്ക് ഓഫ്. ഫോഴ്സാ കൊച്ചി എഫ്സിയും മലപ്പുറം എഫ്സിയും തമ്മിലാണ് ആദ്യ മത്സരം. സൂപ്പർലീഗിന്റെ ആദ്യദിനത്തെ ആകർഷകമാക്കാൻ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
45 ദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സൂപ്പര്‍ലീഗ് കേരളയില്‍ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് മത്സരിക്കുക. മഹീന്ദ്രയാണ് ആദ്യ സൂപ്പര്‍ലീഗ് കേരളയുടെ ടൈറ്റില്‍ സ്പോണ്സർ. മഹീന്ദ്ര സൂപ്പര്‍ലീഗ് കേരള എന്നാകും ലീഗ് അറിയപ്പെടുകയെന്ന് സൂപ്പര്‍ലീഗ് കേരള ഡയറക്ടര്‍ ഫിറോസ് മീരാൻ പറഞ്ഞു. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്പോര്‍ട്സ് ഒന്നിൽ.
വെബ് സ്ട്രീമിംഗ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ. ലീഗിന്റെ മിഡില്‍ ഈസ്റ്റ് സംപ്രേഷണ അവകാശത്തിനുള്ള അവസാനവട്ട ചര്‍ച്ചയിലാണെന്നും ഫിറോസ് മീരാന്‍ പറഞ്ഞു. ടിക്കറ്റുകള്‍ പേടിഎം വഴി ബുക്ക് ചെയ്യാം. ഉദ്ഘാടനമത്സരത്തിന്റെ ടിക്കറ്റുകള്‍ ഇന്നുമുതല്‍ ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലീഗിന്റെ ഭാഗമായി വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് നാളെ മലപ്പുറം മഞ്ചേരി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ചാരിറ്റി മത്സരം സംഘടിപ്പിക്കും. മഹീന്ദ്ര സൂപ്പര്‍ലീഗ് കേരള ഓള് സ്റ്റാഴ്സും മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബും തമ്മിലാണു മത്സരം.
ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കും. രാജ്യത്താകെ ഫുട്ബോളിനെ മാറ്റത്തിന്റെ പാതയിലേക്കു നയിക്കാന്‍ സൂപ്പര്‍ലീഗ് കേരളയ്ക്കു കഴിയുമെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാനും സൂപ്പര്‍ലീഗ് കേരള സിഇഒ മാത്യു ജോസഫും പറഞ്ഞു.
വിദേശതാരങ്ങളും സൂപ്പര്‍ലീഗ് കേരളയില്‍ ബൂട്ടണിയും. അനസ് എടത്തൊടിക, ഗുര്‍ജിന്ദര്‍ കുമാര്‍ (മലപ്പുറം എഫ്സി), സി.കെ. വിനീത് (തൃശൂര്‍ എഫ്സി), സുഭാശിഷ് റോയ് (കണ്ണൂര്‍ എഫ്സി) എന്നീ പ്രമുഖ താരങ്ങളും ലീഗില്‍ കളത്തിലിറങ്ങും.മഹീന്ദ്ര സൂപ്പര്‍ലീഗ് കേരളയുടെ ഭാഗമായി മാധ്യമ അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആറു ടീം, 33 മത്സരം
ഫോഴ്സാ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, കാലിക്കട്ട് എഫ്സി, തൃശൂര്‍ എഫ്സി എന്നീ ആറു ടീമുകളാണ് ആദ്യ സൂപ്പര്‍ ലീഗ് കേരളയിൽ മാറ്റുരയ്ക്കുക. ആകെ 33 മത്സരങ്ങളുണ്ടാകും.
നാല് സ്റ്റേഡിയങ്ങൾ
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയം എന്നിങ്ങനെ നാലു സ്റ്റേഡിയങ്ങളിലായാണ് ടൂർണമെന്റ് അരങ്ങേറുക.
ടീമുകള്‍, ഉടമകള്‍
ഫോഴ്സാ കൊച്ചി: പൃഥ്വിരാജ്, സുപ്രിയ മേനോന്, പ്രവീഷ് കുഴുപ്പള്ളി, ഷമീം ബക്കര്‍, മുഹമ്മദ് ഷൈജല്‍, നസ്ലി മുഹമ്മദ്.
തിരുവനന്തപുരം കൊമ്പന്‍സ്: ഡോ. എം.ഐ. സഹദുള്ള, ചന്ദ്രഹാസന്‍, ഗൗരി പാര്‍വതീഭായി തമ്പുരാട്ടി, ടി.ജെ. മാത്യു.
തൃശൂര്‍ മാജിക് എഫ്സി: ലിസ്റ്റിന് സ്റ്റീഫന്‍, മുഹമ്മദ് റഫീഖ്, ബിനോയ്റ്റ് ജോസഫ്
മലപ്പുറം എഫ്സി: വി.എ. അജ്മല്‍, ഡോ. അന്‍വര്‍ അമീന്, ബേബി നീലാംമ്പ്ര
കാലിക്കട്ട് എഫ്സി: വി.കെ. മാത്യൂസ്
കണ്ണൂര്‍ വാരിയേഴ്സ് എഫ്സി: ഡോ. ഹസന്‍കുഞ്ഞി, മിബു നെറ്റിക്കാടന്, ഡോ. അജിത് ജോയ്, സി.എ. മുഹമ്മദ് സാലിഹ്.