പയ്യന്നൂര്‍: സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു സാധനങ്ങൾ വാങ്ങാത്തതിന്റെ വിരോധത്തില്‍ കാറിനു കേടുവരുത്തിയതായുള്ള പരാതിയില്‍ കോടതി നിർദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
കണ്ടോത്തെ കെ. കുട്ടികൃഷ്ണന്റെ പരാതിയിലാണു പ്രതികളെന്നു സംശയിക്കുന്ന പയ്യന്നൂര്‍ സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരായ റൗഫ്, സൂരജ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റൊരാള്ക്കുമെതിരേയാണ് കേസ് എടുത്തത്.
2022 നവംബര്‍ 12ന് വൈകുന്നേരം 6.15 ഓടെയാണ് പരാതിക്കാസ്പദമായ സംഭവം. റോയല്‍ കോപ്ലക്സിലെ പെയിന്റ് ഹൗസിന് മുന്നില്‍ പാര്‍ക്ക് ചെയ്ത പരാതിക്കാരന്റെ ടാറ്റാ പഞ്ച് കാറിന്റെ പിന്നിലും വലതുവശത്തും കോറിവരച്ച് കേടുവരുത്തിയതിലൂടെ പതിനായിരം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു പരാതി.
സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ വാങ്ങാതെ സമീപത്തു കാര്‍ നിര്‍ത്തിയിട്ടതിന്റെ വിരോധമാണു സംഭവത്തിനു കാരണമായി പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
പരാതിക്കാരന് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് പരാതിയില്‍ കേസെടുക്കുന്നതിന് കോടതി നിര്‍ദേശിക്കുകയായിരുന്നു.