കൊച്ചി: ആരോഗ്യ മേഖലയിലെ വിവിധ ഇടപെടലുകളിലൂടെ മുന്പ് പല കുറി കൈയടി നേടിയ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വീണ്ടും താരമാകുകയാണ്. എന്ത് ലഭിച്ചാലും ട്രോളുന്ന ട്രോളന്മാർക്കുപോലും മന്ത്രിയെ കുറിച്ച് പറയാൻ നൂറ് നാവുകൾ മാത്രം.
സംസ്ഥാനത്തെ വീണ്ടും ഭീതിയിലാഴ്ത്തി പുറത്തുവന്ന നിപ്പ വൈറസ് ബാധയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുന്ന തരത്തിലുള്ളതായിരുന്നു മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങൾ. ഈ ഇടപെടലുകയാണ് മന്ത്രി പദത്തിൽ കെ.കെ. ശൈലജയുടെ പ്രവർത്തനങ്ങൾക്ക് വീണ്ടും കൈയടി നേടികൊടുക്കുന്നത്.
നിപ്പ സംശയം ഉയർന്നപ്പോൾതന്നെ എറണാകുളത്തെത്തി ദിവസങ്ങൾ അവിടെതന്നെ തങ്ങി മന്ത്രി നടത്തിയ പ്രവർത്തനങ്ങൾ മറ്റ് മന്ത്രിമാർക്കുവരെ മാതൃകയാണ്. ഭയംവേണ്ടെന്ന് ദിവസത്തിൽ നൂറുതവണ ആവർത്തിച്ച മന്ത്രിയുടെ വാക്കുകളിൽ വിശ്വാസം അർപ്പിച്ച കൊച്ചിക്കാർ നിപ്പയെ പുഷ്പംപോലെ നുള്ളിക്കളഞ്ഞ കാഴ്ചയാണ് കണ്ടത്. നിലവിൽ നിപ്പ കൂടുതൽ പേരിലേക്ക് പടർന്നിട്ടില്ലെന്നു തന്നെയാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. ഇതിനു കാരണം നിപ്പ വൈറസ് ബാധയ്ക്ക് പടർന്നു പന്തലിക്കാൻ സമയം ലഭിച്ചില്ലെന്നത് തന്നെയാണ്.
നിലവിൽ എറണാകുളം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഒരാളുടെ ഫലം ഇന്ന് വരാനിരിക്കെ ഇയാൾക്കും നിപ്പയുണ്ടാകില്ലെന്നാണ് അധികൃതരുടെ വിശ്വാസം.ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന ഏഴ് പേർക്കും നിപ്പയില്ലെന്ന് ഇന്നലെ ലഭിച്ച പരിശോധന ഫലം അധികൃതർക്ക് ലഭിച്ചിരിക്കുന്നത് ചെറിയ ഉൗർജമല്ല.
നിപ്പയ്ക്കെതിരേ പൊരുതുവാൻ പുതു ഉൗർജമാണ് ഉദ്യോഗസ്ഥർക്കടക്കം ഈ സ്ഥിരീകരണത്തോടെ ലഭിച്ചത്. നിപ്പ ബാധ സ്ഥിരീകരിക്കപ്പെട്ടു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എറണാകുളം വടക്കൻപറവൂർ സ്വദേശിയായ വിദ്യാർഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വിദ്യാർഥിയെ പരിചരിച്ച മൂന്നു നഴ്സുമാരുടെയും ഒരു നഴ്സിംഗ് അസിസ്റ്റന്റിന്റെയും രോഗിയുമായി സന്പർക്കത്തിലുണ്ടായിരുന്ന രണ്ടു പേരുടെയുമടക്കം ഏഴുപേർക്കാണ് നിപ്പയല്ലെന്ന് സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങൾ സംശയിച്ചതിനെത്തുടർന്ന് ഇവരെ രണ്ടു ദിവസം മുൻപു മെഡിക്കൽ കോളജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിപ്പ വൈറസ് കണ്ടെത്തിയ വിദ്യാർഥിയുമായി അടുത്തിടപഴകിയ 316 പേരെ നിരീക്ഷിച്ചുവരികയാണ്. ഇതിൽ 33 പേരെ ഹൈ റിസ്ക് വിഭാഗത്തിലും 191 പേരെ ലോ റിസ്ക് വിഭാഗത്തിലും ഉൾപ്പെടുത്തിയാണു നിരീക്ഷണം. ബാക്കിയുള്ള 92 പേരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇവർ കുറച്ച് ദിവസങ്ങൾകൂടി നിരീക്ഷണത്തിലായിരിക്കും. ആരോഗ്യവകുപ്പിന് പുറമേ മറ്റ് വകുപ്പുകളെകൂടി ഉൾപ്പെടുത്തി നിപ്പയെ പ്രതിരോധിക്കാൻ നടത്തിവരുന്ന പ്രവർത്തനങ്ങളും ശ്ലാഹനീയംതന്നെയാണ്.
ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതാകട്ടെ മന്ത്രി കെ.കെ. ശൈലജയും. ദിവസവും രണ്ടു തവണയെങ്കിലും അവലോകന യോഗം ചേർന്ന് കാര്യങ്ങൾ കൃത്യമായി വിലയിരുത്തിയ മന്ത്രി ഉദ്യോഗസ്ഥരെപോലും അതിശയിപ്പിക്കുന്ന ഇടപെടലുകളാണ് നടത്തിയത്.