സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്ക് കപ്പല്‍ എവര്‍ ഗിവണിനെ ചലിപ്പിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക ശക്തിയായത് പ്രകൃതി.
ശനിയാഴ്ച രാത്രി സംഭവിച്ച സൂപ്പര്‍മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന് കടലില്‍ വേലിയേറ്റമുണ്ടാവുകയും തിരകള്‍ ശക്തമാവുകയും ചെയ്തത് കപ്പല്‍ ചലിക്കുന്നതിന് സഹായമായെന്ന് രാജ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൂര്‍ണ്ണചന്ദ്രന്‍ ഭൂമിയുമായി വളരെയടുത്തു വരുന്ന പ്രതിഭാസത്തെയാണ് സൂപ്പര്‍മൂണ്‍ എന്ന് പറയുന്നത്. ടഗ് ബോട്ടുകളും ക്രെയിനുകളും ഉപയോഗിച്ച് കപ്പലിനെ നീക്കാനുള്ള ശ്രമത്തിന് പ്രകൃതിയുടെ ഈ സഹായം ഏറെ ഗുണകരമായി.
ഒരു വലിയ പാറയ്ക്ക് സമീപത്താണ് കപ്പല്‍ ഇടിച്ചു നിന്നത്. കപ്പല്‍ ചലിപ്പിക്കാനുള്ള ശ്രമങ്ങള്‍ ദുഷ്‌ക്കരമായതും ഇതിനാലാണ്. ഡ്രെഡ്ജറുകള്‍ 950,000 ഘനയടിയിലധികം മണല്‍ മാറ്റി 60 അടി താഴേക്ക് കുഴിച്ചു.
ആറ് ദിവസം നീണ്ടുനിന്ന പരിശ്രമങ്ങള്‍ക്കൊടുവിലാണ് കപ്പല്‍ ചലിപ്പിക്കാന്‍ സാധിച്ചത്.
കനാല്‍ വഴിയുള്ള ഗതാഗതം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണ നിലയിലാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സൂയസ് കനാല്‍ അധികൃതര്‍, ഡച്ച് സ്ഥാപനമായ സ്മിത് സാവേജ് എന്നിവര്‍ സംയുക്തമായാണ് കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ടത്.
ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ കപ്പല്‍ രക്ഷാപ്രവര്‍ത്തനമായി മാറി ഏവര്‍ ഗിവണിനെ നീക്കാനുള്ള ശ്രമം.