കോട്ടയം: ഫണ്ട് ക്രെഡിറ്റ് കാർഡ് ശരിയാക്കുന്നതിന് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് ജൂണിയർ സൂപ്രണ്ട് വിജിലൻസ് പിടിയിൽ.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടർ കാസർഗോഡ് ഓഫീസിലെ ജൂനിയർ സൂപ്രണ്ടും സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് സ്കൂളുകളുടെ പ്രോവിഡന്റ് ഫണ്ട് സംസ്ഥാനനോഡൽ ഓഫീസറുമായ കണ്ണൂർ സ്വദേശി വിനോയ് ചന്ദ്രൻ.സി.ആർ (41) ആണ് പിടിയിലായത്.
കോട്ടയത്തെ പ്രോവിഡന്റ് ഫണ്ട് ക്രെഡിറ്റ് കാർഡ് ശരിയാക്കി നൽകാൻ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ട് അധ്യാപികയെ ഹോട്ടലിൽ വിളിച്ച് വരുത്തിയപ്പോഴാണ് വിജിലൻസ് കൈയോടെ പിടികൂടിയത്.
സംസ്ഥാന ഗവണ്മെന്റ് എയ്ഡഡ് ഇൻസ്റ്റിറ്റ്യൂഷണൽ വിഭാഗം പ്രൊവിഡന്റ് ഫണ്ട് സംസ്ഥാന നോഡൽ ഓഫീസറാണ് വിനോയ് ചന്ദ്രൻ. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.
കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജിവനക്കാരിയെ അശ്ലീല താല്പര്യത്തോടുകൂടി ഇയാൾ സമീപിക്കുകയായിരുന്നു.
വീട് നിർമാണത്തിനായി പിഎഫിൽനിന്നും വായ്പ എടുക്കുന്നതിനായാണ് ജീവനക്കാരി അപേക്ഷ നൽകിയിരുന്നത്. ഈ അപേക്ഷ വിനോയ് ഒരു മാസം തടഞ്ഞുവച്ചു.
അപേക്ഷയിൽ തീരുമാനം ആകാതെ വന്നതോടെ ഫോണിൽ വിളിച്ച യുവതിയോട് വാട്സ് ആപ് കോൾ വിളിക്കാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
വാട്സ് ആപ്പിൽ കോൾ വിളിച്ചതോടെ ’ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന്’ ഇയാൾ പറഞ്ഞു.
എനിക്ക് കാര്യം മനസിലായില്ലെന്ന് പറഞ്ഞ ജീവനക്കാരിയോട് വീഡിയോ കോളിൽ വരാനായിരുന്നു നിർദേശം.
ഇതിന് തയാറാകാതെ വന്നതോടെ താൻ അടുത്തദിവസം കോട്ടയത്ത് വരുന്നുണ്ടെന്നും ഈ സമയം കോട്ടയം നാഗന്പടത്തെ ഐശ്വര്യ അപ്പാർട്ടുമെന്റിൽ മുറി എടുക്കാമെന്നും ഇവിടേക്ക് വരണമെന്നും നിർദ്ദേശിച്ചു.
ഇതോടെ യുവതി വിജിലൻസ് എസ്പി വി.ജി. വിനോദ് കുമാറിനെ സമീപിക്കുകയായിരുന്നു.
മുറിയിലേക്കെത്തുന്പോൾ 44 സൈസുള്ള ഷർട്ടും വാങ്ങിക്കൊണ്ടു വരണമെന്നും പ്രതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് യുവതി വാങ്ങിയ ഷർട്ടിൽ ഫിനോഫ്തലിൽ പൗഡറിട്ടാണു വിജിലൻസ് സംഘം കൊടുത്തുവിട്ടത്.
ഹോട്ടൽ മുറിയിൽ എത്തിയശേഷം യുവതി ഉള്ളിലേക്ക് കയറിയതിനു പിന്നാലെ വിജിലൻസ് സംഘം മുറിക്കുള്ളിലേക്കു കയറി.
ഇയാളെ കസ്റ്റഡിൽ എടുക്കുകയായിരുന്നു. യുവതിക്കു പ്രതി അയച്ച വാട്സ്ആപ് സന്ദേശങ്ങളടക്കം വിജിലൻസിന് ലഭിച്ചു.