സ്വന്തം ലേഖകന്‍
കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ലാക്ക് മെയിലിംഗിലൂടെ എന്‍ഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവത്തില്‍ വന്‍ ഗൂഢാലോചന. സിനിമാ സ്റ്റെലില്‍ തട്ടിപ്പ് ആസൂത്രണം ചെയ്ത ഫോക്കസ് ഹെപ്പര്മാര്ക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജരും വടകര സ്വദേശിയുമായ യാഹിയ, കവര്‍ച്ചയ്ക്ക് കൂട്ടുനിന്ന ഇന്‍വന്ററി മാനേജര്‍ കമാല്‍, സ്ഥാപന ഉടമ എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പിടിയിലായത് ചെറുമീനുകളാണെന്നും വന്‍ തോക്കുകള്‍ പുറത്തുണ്ടെന്നുമാണ് പോലീസ് പറയുന്നത്. കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ നീക്കത്തിലാണ് നഗരമധ്യത്തിലെ മാളില്‍ നടന്ന വന്‍ കൊള്ളകളുടെ ചുരുളഴിയുന്നത്.
ഇവര്‍ സമാന രീതിയില്‍ മുന്‍പ് മാളിലെത്തിയ പെണ്‍കുട്ടികളെയും ദുരുപയോഗം ചെയ്തതായി പോലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയെ മോഷണം ആരോപിച്ച് ഇടിമുറിയിൽകൊണ്ടുപോയി അപമാനിച്ച സംഭവവുമുണ്ടായി. ഈ രീതിയില്‍ ഉപയോക്താക്കളെ മാളിലെ പ്രത്യേക “ഇടിമുറി’യിലേക്ക് കൂട്ടിക്കൊണ്ടുപോയി കൈകാര്യം ചെയ്യാറാണ് പതിവ്. യാഹിയയ്ക്ക് എരഞ്ഞിപ്പാലത്ത് പ്രത്യേക ഓഫീസുണ്ട്. ഇവിടേക്ക് വിളിച്ചുവരുത്തിയാണ് ബ്ലാക്ക് മെയിലിംഗും പണം തട്ടലും.
ക്രിമിനല്‍ സ്വഭാവമുള്ളയാണ് യാഹിയയെന്ന് പോലീസ് പറയുന്നു. ഉന്നതരാഷ്ട്രീയ ബന്ധമുള്ളതിനാല്‍ യാഹിയക്കെതിരേ പരാതി നല്കാന് പോലും ഇതുവരെ ആരും തയാറായിട്ടില്ല. മാളില്‍ എത്തിയവരെ കുടുക്കാന്‍ പ്രത്യേക “ക്വട്ടേഷന്‍’ സംഘത്തെ തന്നെ തയാറാക്കി നിര്‍ത്തുകയാണ് ഇവരുടെ പതിവ്. ഇവരെ രണ്ടുപേരെയും പിടികൂടിയാല്‍ മാത്രമേ എത്രപേരെ ഇവര്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാകൂ. തട്ടിപ്പിനിരയാക്കിയവരില്‍ നിന്നും പിടിച്ചെടുക്കുന്ന സാധനങ്ങള്‍ സൂപ്പർമാര്‍ക്കറ്റിലെ പ്രത്യേകം ലോക്കറില്‍ സൂക്ഷിക്കുകയാണ് പതിവ്. ഇത് കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തു.
അതിനാൽ ഉടമയുടെ അറിവോടെയാണ് കൊള്ളയടി നടക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സംഭവം പുറത്തായതോടെ കൂടുതല്‍ പേര് പരാതിയുമായി രംഗത്തുവരാനുള്ള സാധ്യതയും ഉണ്ട്. ബ്ലാക്ക് മെയിലിംഗ്, കൊള്ളയടി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പത്ത് വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണിത്.
ഇന്നലെയാണ് എന്‍ഐടി പ്രഫസറെ കൊള്ളയടിച്ച സംഭവത്തില്‍ നാല് ഫോക്കസ് മാള്‍ ജീവനക്കാര്‍ അറസ്റ്റിലായത്. ഖരഖ്പൂര്‍ എന്‍ഐടിയിലെ ഇക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗം പ്രിന്‍സിപ്പല്‍ ടെക്നിക്കല്‍ ഓഫീസറായ പ്രഫ. പ്രശാന്ത് ഗുപ്തയെയാണ് മാവൂര്‍ റോഡ് ഫോക്കസ് മാളില്‍ പ്രവര്‍ത്തിക്കുന്ന ഫോക്കസ് ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്.
ഇദ്ദേഹത്തിന്റെ പരാതിയില്‍ ഫോക്കസ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായ കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് സ്വദേശി മേലെപെരിങ്ങാട്ട് വീട്ടില്‍ സി.പി.രാജേഷ്(39), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം സ്വദേശി ഹര്‍ഷിന മന്‍സിലില്‍ പി.മുഹമ്മദ് അസ്ഹറുദീന്( 34), മലപ്പുറം പാണ്ടിക്കാട് കൊളപ്പറന്പ് പെര്‍ക്കുത്ത് വീട്ടില്‍ പി.ആഷിക്(26), എരഞ്ഞിക്കല്‍ അന്പലപ്പടി സഫ ഫ്ലാറ്റ് -108ലെ താമസക്കാരന് കെ.നിവേദ് (20) എന്നിവരെ കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റുചെയ്തിരുന്നു.
കോഴിക്കോട് എന്‍ഐടിയിലെ പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ പ്രഫസര്‍ മാവൂര്‍ റോഡിലെ മരിയ ലോഡ്ജില്‍ പ്രതിദിനം 2500 ഓളം വാടക നല്കി രണ്ടുമാസമായി താമസിച്ചുവരികയാണ്. ഇദ്ദേഹം കഴിഞ്ഞദിവസം ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
സാധനങ്ങള്‍ പര്‍ച്ചേഴ്സ് ചെയ്യുന്നതിനിടെ, ഇദ്ദേഹം നാട്ടിലുള്ള ഭാര്യയ്ക്കായി മൂന്നു ലിപ്സ്റ്റിക്കുകൾ കൈയിലെടുത്തിരുന്നു. ഈ സമയം ഫോണ്‍ വന്നതുമൂലം മാളിന് പുറത്തിറങ്ങിയ ഇദ്ദേഹത്തെ ജീവനക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഫോണിന് റേഞ്ച് ഇല്ലാത്തതിനാലാണ് പുറത്തിറങ്ങിയതെന്ന് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ ജീവനക്കാര്‍ കൂട്ടാക്കിയില്ല.
ഷോപ്പിംഗ് സാധനങ്ങളുമായി പുറത്തെത്തിയ ഇദ്ദേഹത്തോട് ഇത് ഇയാളുടെ സ്ഥിരം പതിവാണെന്നും സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ആക്ഷേപിച്ച് ഇടിമുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വിലകൂടിയ വാച്ച്, വിവാഹ മോതിരം, രണ്ട് മൊബൈല്‍ ഫോണ്‍ , 7500 രൂപ , എടിഎം കാര്‍ഡ് എന്നിവ നിര്‍ബന്ധപൂര്‍വം വാങ്ങുകയും മര്‍ദിക്കുകയും ചെയ്തു. ഇതുകൂടാതെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഫോക്കസ് ഹൈപര്‍ മാര്‍ക്കറ്റിലെ സ്വൈപ്പിംഗ് മെഷീന് മുഖേന അപ്പോള്‍ തന്നെ ഒരു ലക്ഷം രൂപ പലതവണകളായി പിന്‍വലിപ്പിച്ച് കൈക്കലാക്കുകയും ചെയ്തു.
പുറത്തുപറഞ്ഞാല്‍ മാധ്യമങ്ങളില്‍ വാര്ത്തവരുമെന്നും പടം സഹിതം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്നും, വിവരം ഭാര്യയേയും മറ്റും അറിയിക്കുമെന്നും ഭീഷണിമുഴക്കി. ഇതോടെ മാനഹാനി ഭയന്ന് ഇദ്ദേഹം ആദ്യം കാര്യങ്ങള്പുറത്തുപറഞ്ഞില്ല. എന്നാല്‍ ഇന്നലെ ഇദ്ദേഹത്തോട് എരഞ്ഞിപ്പാലത്തെ ഫോക്കസ് മാളിന്റെ കോർപറേറ്റ് ഒഫീസിനടുത്തേക്ക് രണ്ടരലക്ഷം രൂപയുമായി എത്താന്‍ ആവശ്യപ്പെട്ടു. പോലീസ് തിരയുന്ന യാഹിയയുടെ ഓഫീസിലേക്കാണ് എത്താന്‍ ആവശ്യപ്പെട്ടത്.
ഇതോടെ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന മനസ്സിലാക്കിയ പ്രഫസര്‍ കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രഫസറുടെ പരാതിയില്‍ ഉടന്‍ സ്ഥാപനം റെയ്ഡ്ചെയ്താണ് പ്രതികളെ കസബ എസ്ഐ വി.സിജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
പ്രഫസറുടെ നഷ്ടപ്പെട്ട സാധനങ്ങളും പണം പിന്‍വലിപ്പിച്ച സ്വൈപ്പിങ്ങ് മെഷീനും ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ലോക്കറില്‍ നിന്ന് ബുധനാഴ്ച രാത്രി വൈകി കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നിര്‍ബന്ധിപ്പിച്ച് മാറ്റിയ ഒരുലക്ഷം രൂപ പ്രഫസര്‍ക്ക് വീണ്ടെടുത്തുനല്കാന് പോലീസ് നടപടികള്‍ ആരംഭിച്ചു. പിടിയിലായവര്‍ക്കെതിരെ കൂട്ടക്കവര്‍ച്ചയ്ക്ക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പോലീസിന് നന്ദിപറഞ്ഞ് പ്രഫസര്‍
കോഴിക്കോട്: ഫോക്കസ് ഹെപ്പര്‍മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടന്ന വന്‍ കൊള്ള പുറത്തുകൊണ്ടുവന്ന കസബ എസ്ഐ വി.സിജിത്തിനും പോലീസിനും അഭിനന്ദന പ്രവാഹം. സംഭവം പുറത്താകാതിരിക്കാന്‍ തുടക്കം മുതല്‍ പോലീസിന് മേല്‍ വന്‍ രാഷ്ട്രീയ-ഉന്നത സമ്മര്ദമുണ്ടയിരുന്നു.
പ്രതികളുടെ ഫോട്ടോ പോലും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പ്രതികള്‍ മണിക്കൂറുകള്‍ക്കകം വലയിലായതോടെ പോലീസിന് കോഴിക്കോട്ടെയും ഖരഖ്പൂരിലെ എന്‍ഐടിയില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ്. ഇത്രയും പെട്ടെന്ന് പ്രതികള്‍ക്കെതിരേ നടപടിഎടുത്തതില് പ്രഫസര്‍ പ്രശാന്ത് ഗുപ്ത പോലീസിന് നന്ദി അറിയിച്ചു.