കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ലാക്ക് മെയിലിംഗിലൂടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് എന്‍ഐടി പ്രഫസറെ കൊള്ളയടിച്ച സംഭവത്തില്‍ “മുങ്ങിയ’ പ്രതികള്‍ വിലസുന്നു. ഫോക്കസ് ഹെപ്പര്മാര്ക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ അസി.ജനറല്‍ മാനേജരും വടകര സ്വദേശിയുമായ യാഹിയ, കവര്‍ച്ചയ്ക്ക് കൂട്ടുനിന്ന ഇന്‍വന്ററി മാനേജര്‍ കമല്‍രൂപ് എന്നിവരാണ് പോലീസിന്റെ കണ്മുന്നില് വിലസുന്നത്.
ഇവരെ പിടികൂടാന്‍ പോലും അന്വേഷണ സംഘത്തിന് സാധിക്കുന്നില്ല. ഉന്നത സ്വാധീനത്തെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്. അതേസമയം പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇവര്‍ ഹൈക്കോടതിയെ സമീപിക്കാനാണൊരുങ്ങുന്നത്.
ഹൈക്കോടതി ജാമ്യാപേക്ഷയില്‍ നടപടി സ്വീകരിക്കുന്നതിന് മുമ്പ് അറസ്റ്റ് വേണ്ടെന്ന് ഉന്നതപോലീസ് ഓഫീസര്‍മാരില്‍ നിന്ന് തിട്ടൂരം നല്‍കിയതായാണറിയുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണുള്ളത്.
ഉന്നതപോലീസുദ്യോഗസ്ഥരുമായി അടുത്തബന്ധമാണ് പ്രതികള്ക്കുള്ളതെന്നാണറിയുന്നത്. അതേസമയം അന്വേഷണം ശക്തമാക്കാനാണ് പോലീസിലെ ഒരു വിഭാഗം തീരുമാനിച്ചത്. പ്രതികളുടെയും സ്ഥാപനത്തിന്റെയും ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് പരിശോധിക്കുന്നുണ്ട്.