കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിങ്ങിലൂടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് എന്‍ഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവത്തില്‍ സ്വാധീനത്തിന് വഴങ്ങാതെ നടപടി സ്വീകരിച്ച അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ നീക്കം. പ്രതികള്‍ക്ക് ഉന്നത തലത്തിലുള്ള സ്വാധീനമുപയോഗിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരേ സമ്മര്‍ദ്ധം ശക്തമാക്കുന്നത്. ഇതോടെ പ്രധാന പ്രതികളുടെ അറസ്റ്റ് വൈകിക്കാനും അതുവഴി മുന്‍കൂര്‍ ജാമ്യം നേടി കേസ് തേച്ചുമായ്ച്ച് കളയാനുമാണ് ശ്രമമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തതായി അറിയുന്നു.
അന്വേഷണത്തിന് തടയിട്ടതും, കൊള്ളയടിക്കപ്പെട്ട പ്രൊഫസറെ മോഷ്ടാവായി ചിത്രീകരിച്ച് വീഡിയോ ഇറക്കിയതും കോഴിക്കോട്ടെ ചില സാമൂഹിക പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകിയതായി അറിയുന്നു.
ഫോക്കസ് ഹെപ്പര്മാര്ക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ മാനേജരും വടകര സ്വദേശിയുമായ യാഹിയ, കവര്‍ച്ചയ്ക്ക് കൂട്ടുനിന്ന ഇന്‍വന്ററി മാനേജര്‍ കമല്‍രൂപ് , എന്നിവരാണ് ഒളിവിലുള്ളത്. ഇവരെ പിടികൂടുന്നതിന് പോലീസിന് മേല്‍ കടുത്ത സമ്മര്ദ്ധമുണ്ടെന്നാണറിയുന്നത്. കൊള്ളയടിക്കപ്പെട്ട പ്രൊഫസറുടെ സാധനങ്ങൾ ഹൈപ്പർമാർക്കറ്റിലെ ലോക്കറിനുള്ളിൽ നിന്ന് കണ്ടെടുത്തതിനാൽ സ്ഥാപന ഉടമയും പ്രതിയായേക്കുമെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
അതേസമയം ഹൈപ്പര്‍മാര്‍ക്കറ്റിലെ തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചരണവും മാനേജ്മെന്റ്നടത്തുന്നുണ്ട്. ചാനല്‍ വാര്‍ത്തയെന്ന രീതിയിലാണ് തട്ടിപ്പിനെ ന്യായീകരിക്കും വിധത്തില്‍ പരാതിക്കാരനായ പ്രൊഫസറെ തേജോവധം ചെയ്തുകൊണ്ടുള്ള വീഡിയോ പുറത്തുവിടുന്നത്. എന്നാല്‍ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരോ നാട്ടുകാരോ ഇതുവരേ കേള്‍ക്കാത്ത വിഎവി ന്യൂസ് എന്ന പേരുമായാണ് ‘പുതിയ ചാനല്‍’ ഹൈപ്പര്‍മാര്‍ക്കറ്റ് വിഷയത്തില്‍ ന്യായീകരണവുമായെത്തിയത്.
ഇത്തരത്തില്‍ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാനല്‍ അവതാരകയുടെ വേഷത്തിലെത്തിയ യുവതിയെ കുറിച്ചും പോലീസ് അന്വേഷണമാരംഭിച്ചു. പ്രൊഫസറുടെ പരാതിയിൽ ഇവരയും വീഡിയോയിൽ റിപ്പോർട്ടറെന്ന വ്യാജേന ശബ്ദം നൽകിയ പുരുഷനേയും അറസ്റ്റ് ചെയ്തേക്കും.
വീഡിയോ ചിത്രീകരിച്ച സ്റ്റുഡിയോക്കെതിരെയും നടപടിയുണ്ടാകും. കൊള്ളയടിക്കും ക്രൂരമർദനത്തിനും ഇരയായ പ്രശാന്ത് ഗുപ്ത ഖൊരഗ്പൂർ കേന്ദ്രസർക്കാർ സ്ഥാപനത്തിലെ പ്രൊഫസറല്ലെന്നും, വെറുമൊരു ജീവനക്കാരൻ മാത്രമാണെന്നും ഇയാൾ മുൻപും മോഷണം നടത്തിയെന്നുമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ക്ളിപ്പിങ്ങ്. സംഭവത്തെക്കുറിച്ച് ഖൊരക്പൂരിലും അന്വേഷണം നടത്തുന്നുണ്ടെന്നും “ചാനൽ അവതാരക’ പറയുന്നുണ്ട്. എന്നാൽ കേസിലെ പരാതിക്കാരനായ പ്രൊഫസർക്കെതിരെ ഒരന്വേഷണവും നടക്കുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
യുവജനസംഘടനകളുടെ പ്രക്ഷോഭവും മറ്റും കണക്കിലെടുത്ത്കൊണ്ട് സംസ്ഥാന-ജില്ലാ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ നേരിട്ടറിയുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലും വിഷയം അറിയാനിടയായത്. ഈ സാഹചര്യത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പിനെതിരേ കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യതയുമുണ്ട്.