കൊച്ചി: കേരളത്തില്‍ പുതിയ ഫുട്ബോള്‍ ലീഗ് യാഥാര്‍ഥ്യമാകുന്നു. വിദേശ താരങ്ങളടക്കം അണിനിരക്കുന്ന സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണ് വൈകാതെ ആരംഭിക്കും. ടീമുകളുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. ആദ്യ സീസണില്‍ ആറു ടീമുകളുണ്ടാകും.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെ പ്രതിനിധീകരിച്ചായിരിക്കും ടീമുകള്‍. 40 മുതല്‍ 60 ദിവസത്തിനുള്ളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന തരത്തിലാകും ക്രമീകരണം. ഏവേ രീതിയില്‍ 30 ലീഗ് മത്സരങ്ങള്‍ നടത്തും.
ലീഗ് മത്സരങ്ങള്‍ക്കു ശേഷം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ലീഗില്‍ കളിക്കുന്ന ടീമിന് പരമാവധി നാലു വിദേശ കളിക്കാരെ ഒരേസമയം മൈതാനത്ത് ഇറക്കാനാകും. കൊച്ചി, കോഴിക്കോട്, മഞ്ചേരി എന്നിങ്ങനെ മൂന്നു വേദികളിലായിരിക്കും ആദ്യ സീസണിലെ മത്സരങ്ങള്‍.
ഡ്രാഫ്റ്റ് സിസ്റ്റം വഴിയാണ് ടീമുകള്‍ക്ക് കളിക്കാരെ തെരഞ്ഞെടുക്കാനാകുക. ഇതില്‍ കേരളത്തിനകത്തും പുറത്തുംനിന്നുള്ള മലയാളി താരങ്ങളും ഇതരസംസ്ഥാന താരങ്ങള്‍ക്കും പുറമെ വിദേശതാരങ്ങളുടെ പേരുകളും ഉണ്ടാകും.
ഇതൊരു ഡ്രാഫ്റ്റാക്കി ഫ്രാഞ്ചൈസികള്‍ക്കു ലഭ്യമാക്കും. ഏകദേശം ഇരുനൂറോളം കളിക്കാര്‍ക്ക് നിശ്ചിതകാലയളവു വരെ പ്രഫഷണല്‍ കരാര്‍ അടിസ്ഥാനത്തില്‍ സൂപ്പര്‍ ലീഗ് കേരളയില്‍ കളിക്കുന്ന ടീമുകള്‍ അവസരം നല്‍കും. കേരളത്തിലേതുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ടൂര്‍ണമെന്റുകളില്‍ കളിക്കുന്ന താരങ്ങള്‍ക്ക് സൂപ്പര്‍ ലീഗില്‍ പന്തുതട്ടാം.
ടീം പ്രഖ്യാപനം ഇന്ന്
ടീമുകളുടെയും ലീഗിന്റെയും ഔദ്യോഗിക പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. മന്ത്രി വി. അബ്ദുറഹ്മാന്, എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബേ, ടീം ഉടമകള്‍, പ്രമുഖ കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍, സ്കോര്‍ലൈന്‍ സ്പോര്‍ട്സ് ഡയറക്ടര്‍ ഫിറോസ് മീരാന്‍, സൂപ്പര്‍ ലീഗ് കേരള സിഇഒ മാത്യു, കേരള ഫുട്ബോള്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി പി. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുക്കും.