മുതിർന്ന നടനായിട്ടു കൂടി നടൻ സുരേഷ് ഗോപി താരസംഘടന അമ്മയിൽ നിന്ന് അകന്നു നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞു.
ഇന്നും പലർക്കും അറിയാത്തൊരു കാര്യമാണ് എന്തുകൊണ്ടാണ് സുരേഷ് ഗോപി അമ്മ സംഘടനയിൽനിന്നു മാറിനിൽക്കുന്നതെന്ന്. ഇതേക്കുറിച്ച് പലതരത്തിലുളള വാർത്തകളാണ് മുൻപ് വന്നിരുന്നത്.
പലതും പറഞ്ഞുകേട്ടെങ്കിലും വ്യക്തിപരമായി സംഭവിച്ച ഒരു വിഷയത്തിന് പിന്നാലെയാണ് മാറിനിൽക്കുവാൻ തുടങ്ങിയതെന്ന് സുരേഷ് ഗോപി തന്നെ മുന്പ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്.
“”അവർക്ക് നന്നായിട്ടറിയാം എന്തുകൊണ്ടാണ് ഞാൻ സഹകരിക്കാത്തതെന്ന്. ഒരു ഗ്രൂപ്പിലെ ഒരുപാട് പ്രശ്നങ്ങൾക്ക് എതിരേ നിന്നതു കൊണ്ടല്ല”- സുരേഷ് ഗോപി പറയുന്നു.
1997-ൽ ഗൾഫിൽ അവതരിപ്പിച്ച പരിപാടിയായിരുന്നു അറേബ്യൻ ഡ്രീംസ്. നാട്ടിൽ എത്തിയപ്പോൾ തിരുവനന്തപുരത്ത് കാൻസർ സെന്റർ, കണ്ണൂർ കളക്ടർക്ക് അംഗൻവാടികൾക്ക് കൊടുക്കാൻ വേണ്ടി, പാലക്കാട് കളക്ടറുടെ ധനശേഖരണം എന്നീ പരിപാടികൾക്കായി അഞ്ച് സ്റ്റേജ് കളിച്ചു.
ഒരു പൈസ പോലും ശന്പളം വാങ്ങാതെ ഈ ഷോ ഇവിടങ്ങളിൽ അവതരിപ്പിച്ചു. ഷോ നടത്തുന്നയാൾ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്ക് തരുമെന്ന് സുരേഷ് ഗോപി അമ്മ സംഘടനയെ അറിയിച്ചു. കൽപനയും ബിജു മേനോനും താനും പ്രതിഫലം വാങ്ങിയില്ല.
ഈ അഞ്ച് സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗിൽ ചോദ്യം വന്നു. അന്ന് ജഗദീഷേട്ടനും അന്പിളിച്ചേട്ടനും എന്നെ മീറ്റിംഗിൽ ഇരുത്തി പൊരിച്ചു. അന്നെനിക്ക് ഈ ശൗര്യമില്ല.
ഞാൻ ശരിക്കും പാവമാ. അങ്ങേര് അടയ്ക്കാത്തിടത്ത് താൻ അടയ്ക്കുമോ എന്ന് അന്പിളിച്ചേട്ടൻ ചോദിച്ചു. ആ ‘താൻ’ ഞാൻ പൊറുക്കില്ല. എനിക്ക് വലിയ വിഷമമായി. തിരിച്ചു പറയേണ്ടി വന്നു. അയാൾ അടച്ചില്ലെങ്കിൽ ഞാൻ അടയ്ക്കും എന്നു പറഞ്ഞിട്ട് ഇറങ്ങി പോയി. എന്നിട്ടും അയാൾ അത് അടച്ചില്ല.
തുടർന്ന് അമ്മയിൽ നിന്നും രണ്ടു ലക്ഷം പിഴയടക്കാൻ നോട്ടീസ് വന്നു. എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുളള പണമെടുത്തടച്ചു. പക്ഷേ അന്ന് ഞാൻ പറഞ്ഞു. ഞാൻ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാൻ അവിടെ ഏറ്റെടുക്കില്ല. ഞാൻ മാറിനിൽക്കും.
പക്ഷേ അമ്മയിൽ നിന്ന് അന്വേഷിക്കും ഇപ്പോഴും. 1999 മുതൽ ഒരു തീരുമാനമെടുക്കുന്നുണ്ടെങ്കിൽ എന്നോടു കൂടി ചർച്ച ചെയ്തിട്ടേ എടുക്കൂ. പ്രസിഡന്റ് ആവണമെന്ന് ഇന്നസെന്റ് പലതവണ പറഞ്ഞപ്പോഴും പറ്റില്ലെന്ന് അറിയിച്ചു.
ഞാൻ ശിക്ഷ വാങ്ങിപ്പോയി. എനിക്കിനി അവിടെ പറ്റില്ല. ഞാൻ ഇങ്ങനെ നിന്നോളാം. അവിടെ വരുന്നില്ല. അമ്മയുടെ എന്തെല്ലാം പദ്ധതികളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. 2004-ൽ അമ്മയും ടെക്നിക്കൽ വിഭാഗവുമായി യുദ്ധം നടക്കുന്പോൾ ഞാൻ ഒരു വിമതനാണ്.
എന്നെ പിടിച്ചാൽ അമ്മയെ ഉടയ്ക്കാൻ കഴിയുമെന്ന് പോലും ചിലർ വിചാരിച്ചു. പലരെയും കൊണ്ടുപോയില്ലേ. ഞാൻ അതിൽ ഉണ്ടായിരുന്നില്ലല്ലോ.
ഞാൻ ഇപ്പോഴും സംഘടനയുടെ ഭാഗമാണ്. ഹൃദയം കൊണ്ട് അവർക്കൊപ്പമുണ്ട്. ടെക്നിക്കലായി ഒരു പ്രശ്നമുണ്ടെന്ന് മാത്രം. അവർ എന്നെ നിർബന്ധിക്കുന്നുമില്ല- സുരേഷ് ഗോപി വ്യക്തമാക്കി.