ജനപ്രിയരും പേരുകേട്ടവരുമായ മിക്ക വ്യക്തിത്വങ്ങള്‍ക്കും വളരെ വിചിത്രമായ പല സ്വഭാവ സവിശേഷതകളും ഉണ്ട്. സ്‌പോട്‌സ് താരങ്ങള്‍ക്ക് ഇത്തരം അന്ധവിശ്വാസങ്ങള്‍ കുറച്ച് കൂടുതലാണെന്ന് പറയാം. വിവിധ തലങ്ങളില്‍ പ്രശസ്തരായ ഏതാനും താരങ്ങളുടെ ഇത്തരത്തിലുള്ള ചില വിശ്വാസങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചുമറിയാം.
ഒളിമ്പ്യനും സൈക്കിളിംഗ് താരവുമായ ലോറ ട്രോട്ടിന്റെ ചില അസ്വാഭാവിക ശീലങ്ങള്‍ കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍വച്ച് പോകും. ഒളിമ്പിക്‌സിലായാലും മറ്റ് മത്സരങ്ങളിലായാലും റേസ് തുടങ്ങുന്നതിന് മുമ്പ് ഒരു നനഞ്ഞ തുണി തന്റെ സോക്‌സിനും കാലിനും ഇടയില്‍ സൂക്ഷിക്കുക എന്നത് ലോറയുടെ ശീലമാണ്. ഇങ്ങനെ ചെയ്താല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കു എന്നാണ് ലോറയുടെ വിശ്വാസം. ഭാഗ്യം കൈവരിക്കുന്നതിനുള്ള കുറുക്കുവഴികള്‍ കണ്ടെത്തുകയും അവയില്‍ വിശ്വസിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാര്യത്തില്‍ ലോറ മാത്രമല്ല ഉള്ളത്.
ടെന്നീസ് ലോകം അടക്കിവാണുകൊണ്ടിരിക്കുന്ന താരറാണിമാരായ വില്ല്യംസ് സഹോദരിമാരിലെ ഇളയവളും 35 കാരിയുമായ സെറീനയ്ക്കുമുണ്ട് ഇത്തരത്തിലുള്ള ചില വിശ്വാസങ്ങള്‍. ഓരോ ഗ്രാംസ്ലമ്മുകള്‍ ഉയര്‍ത്തുമ്പോഴും താന്‍ പാലിച്ചു പോരുന്ന ആചാരങ്ങളുടെ ഭാഗമായാണ് അതെന്ന് തെളിയിക്കുകയായിരുന്നു സെറീന. ഞാന്‍ എപ്പോഴെങ്കിലും പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നന്നായി കളിക്കാത്തതുകൊണ്ടല്ല, മറിച്ച്, മറ്റു ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് കൊണ്ടാണെന്നും സെറീന പറയുന്നു. മത്സരങ്ങളിലെല്ലാം ഒരേ ചെരുപ്പാണ് സെറീന ഉപയോഗിക്കാറ്. അതുപോലെ തന്നെ മത്സരത്തിനായുള്ള യാത്രകളില്‍ ഒരേ ബാഗും ഉപയോഗിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഷൂവിന്റെ ലേസ് ശരിയായി കെട്ടാത്ത അവസരങ്ങളിലും പരാജയത്തെ നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന് സെറീന സമ്മതിക്കുന്നു.
പ്രശസ്ത ബീറ്റില്‍സ് സംഗീതഞ്ജനായ പോള്‍ മക്കാര്‍ട്ടിനിയുടെ വിശ്വാസം മറ്റൊരു തലത്തിലാണ്. മൈന ഇനത്തില്‍പ്പെട്ട പക്ഷിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഒറ്റ മൈനയെ കണ്ടാല്‍ ദുഖിപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുമെന്നും രണ്ടെണ്ണത്തെ ഒരുമിച്ച് കണ്ടാല്‍ സന്തോഷം ഉണ്ടാകുമെന്നും താന്‍ വിശ്വസിക്കുന്നതായി പോള്‍ പറയുന്നു.
ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ വച്ച് പുലര്‍ത്തുന്നവരുണ്ട്. അരിയാന ഗ്രാന്‍ഡെ എന്ന അമേരിക്കന്‍ പോപ്പ് ഗായിക പറയുന്നത് ചെറുപ്പംമുതല്‍ ഓഡീഷനുകളിലും മറ്റും പങ്കെടുക്കുന്നതിന് മുമ്പ് താന്‍ ഡോനട്ട് കഴിച്ചിട്ടാണ് പോയിരുന്നതെന്നാണ്. ലോകത്ത് ഭൂരിഭാഗം പേര്‍ക്കും 13 എന്നത് ദൗര്‍ഭാഗ്യം കൊണ്ടുവരുന്ന നമ്പരാണ്. എന്നാല്‍ 13 എന്ന നമ്പറിനെ ഭാഗ്യ നമ്പരായി കരുതിപ്പോരുന്നവരാണ് പ്രശസ്ത ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിനേപ്പോലെ കുറേപ്പേര്‍.
സാധാരണക്കാരായ ജനങ്ങള്‍ മാത്രമല്ല സൂപ്പര്‍താരങ്ങളും ഇത്തരത്തില്‍ അന്ധവിശ്വാസങ്ങള്‍ കൊണ്ടുനടക്കുന്നവരാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ.