മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽനിന്ന് ആറ് പ്രീമിയർ ലീഗ് ടീമുകളും പിന്മാറി. മാഞ്ചസ്റ്റർ സിറ്റിയാണ് സൂപ്പർ ലീഗിൽനിന്നും ആദ്യം പിന്മാറിയത്.
ചെൽസി ടൂർണമെന്റിൽനിന്നും പിൻമാറുകയാണെന്ന സൂചന ലഭിച്ചതോടെ സിറ്റി സൂപ്പർ ലീഗിൽനിന്നും ഒഴിവായി. ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നീ ക്ലബുകളും സൂപ്പർ ലീഗിൽനിന്നും പിൻമാറുകയാണെന്ന് അറിയിച്ചു.
ഞായറാഴ്ചയാണ് 12 ടീമുകളുമായി സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ ലോകവ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഔദ്യോഗികമായി സൂപ്പർ ലീഗിൽനിന്ന് പിൻമാറിയതായി സിറ്റി അറിയിച്ചു. ആഴ്സണൽ ആരാധകർക്ക് എഴുതിയ തുറന്നകത്തിൽ തങ്ങൾ തെറ്റ് ചെയ്തതായി സമ്മതിച്ചു.
ആരാധകരുടേയും ലോകത്താകമാനമുള്ള ഫുട്ബോൾ പ്രേമികളുടേയും ആവശ്യപ്രകാരം സൂപ്പർ ലീഗിൽനിന്ന് പിൻവാങ്ങുകയാണെന്ന് ആഴ്സണൽ കത്തിൽ പറഞ്ഞു. സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബുകൾക്കെതിരെയും താരങ്ങൾക്കെതിരെയും നടപടി എടുക്കുമെന്ന് ഫിഫയും യുവേഫയും അറിയിച്ചിരുന്നു.
റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരസാണ് സൂപ്പർ ലീ ഗിന്റെ തലവൻ. കൂടുതൽ സാന്പത്തിക നേട്ടം പ്രതീക്ഷിച്ചാണ് സൂപ്പർ ലീഗിന് ക്ലബ്ബുകൾ തുടക്കം കുറിച്ചിരിക്കുന്നത്.
20 ക്ലബ്ബുകളെങ്കിലും ലീഗിലുണ്ടാകുമെന്നാണ് സൂചന. 2023-24 സീസണ് മുതൽ യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പുരുഷന്മാരുടെ സൂപ്പർ ലീഗ് തുടങ്ങിയശേഷം വനിതകളുടെ സൂപ്പർ ലീഗിനും പദ്ധതിയുണ്ട്.