കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊച്ചിയുടെ കരുത്തുറ്റ ജയം. ഇതുവരെ തോൽവി അറിയാതെ മുന്നേറുകയായിരുന്ന തിരുവനന്തപുരം കൊന്പൻസിനെ കൊച്ചി ഫോഴ്സ 2-1നു മുട്ടുകുത്തിച്ചു.
കൊന്പൻസിനായി മാർക്കോസ് വീൽഡർ 40-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. ഫോഴ്സ കൊച്ചിക്കുവേണ്ടി കുമാർ പാസ്വാൻ രാഹുൽ 62-ാം മിനിറ്റിൽ ഗോൾ മടക്കി. കൊന്പൻസിന്റെ പ്രതിരോധ നിര ക്ലിയർ ചെയ്യേണ്ട പന്ത് പിടിച്ചെടുത്ത് ബ്രസീൽ താരം ഡോറിൽട്ടൻ ഗോമസ് നൽകിയ ക്രോസിൽ കൃത്യമായി കാലുവച്ച് രാഹുൽ വല കുലുക്കുകയായിരുന്നു.
തുടർന്ന് 76-ാം മിനിറ്റിൽ ഡോറിൽട്ടൻ ഗോമസ് ആതിഥേയർക്കു ലീഡ് നൽകി. പിന്നീട് ഗോൾ പിറക്കാതിരുന്നതോടെ ഫേഴ്സയ്ക്കു സീസണിലെ കന്നി ജയം. നിജോ ഗിൽബർട്ട് ഉയർത്തി നൽകിയ പന്ത് നിലംതൊടും മുന്പേ ഡോറിൽട്ടൻ ഗോമസ് വലയിലാക്കുകയായിരുന്നു.