ടൗരംഗ (ന്യൂസിലൻഡ്): ബാറ്റിംഗിൽ ക്ലിക്ക് ആയില്ലെങ്കിലും ഫീൽഡിംഗിൽ തകർപ്പൻ പ്രകടനവുമായി മലയാളി താരം സഞ്ജു വി. സാംസണ്.
ന്യൂസിലൻഡിനെതിരായ അഞ്ചാം ട്വന്റി-20 പോരാട്ടത്തിലാണ് സഞ്ജുവിന്റെ സാഹസിക ഫീൽഡിംഗ് ക്രിക്കറ്റ് ലോകത്തെ അദ്ഭുതപ്പെടുത്തിയത്. ഷാർദുൾ ഠാക്കൂർ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ സാഹസിക ഫീൽഡിംഗ്.
റോസ് ടെയ്ലറുടെ ബാറ്റിൽനിന്ന് നിലംതൊടാത പറന്ന പന്ത് ബൗണ്ടറി ലൈനിനു പുറത്തേക്ക് ഡൈവ് ചെയ്ത് പിടിച്ച സഞ്ജു, നിലംതൊടുന്നതിനു മുന്‍പ് പന്ത് ലൈനിനുള്ളിലേക്ക് എറിയുകയും ചെയ്തു. സഞ്ജുവിന്റെ ഈ അദ്ഭുത ഫീൽഡിംഗ് ബൗൾ ചെയ്ത ഠാക്കൂറിനു പോലും വിശ്വസിക്കാനായില്ല.
റീപ്ലേയിലാണ് സഞ്ജു എന്താണ് ചെയ്തതെന്ന് അന്പയർമാരും സഹതാരങ്ങളും മനസിലാക്കിയത്. സിക്സറിന്റെ സ്ഥാനത്ത് രണ്ട് റണ്‍സ് മാത്രമാണ് ന്യൂസിലൻഡിനു നേടാനായത്.
ന്യൂസിലൻഡ് താരം ടോം ബ്രൂസിനെ റണ്ണൗട്ടാക്കിയതും സഞ്ജു ആയിരുന്നു. സഞ്ജുവിന്റെ തന്ത്രപരമായ ത്രോയിൽ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ജയം ഏഴ് റണ്‍സിനായിരുന്നു എന്നതും ഇതോടു ചേർത്തു വായിക്കണം.
അതേസമയം, ന്യൂസിലൻഡിനെതിരായ ട്വന്റി-20 പരന്പരയിൽ ബാറ്റ്സ്മാൻ എന്ന നിലയിൽ സഞ്ജുവിനു നിരാശ മാത്രമാണുണ്ടായത്. അവസാന രണ്ട് മത്സരത്തിലും ഓപ്പണറുടെ റോളിലെത്തിയ സഞ്ജുവിന് എട്ട്, രണ്ട് എന്നിങ്ങനെയേ നേടാനായുള്ളൂ.
രണ്ട് കളിയിലും അഞ്ച് പന്ത് വീതം നേരിടാനേ സാധിച്ചുമുള്ളൂ. അഞ്ചാം മത്സരത്തിൽ രോഹിത് ശർമ മൂന്നാം നന്പറിലേക്ക് മാറി സഞ്ജുവിന് ഓപ്പണിംഗിന് അവസരമൊരുക്കുകയായിരുന്നു.