സമാര: ഇന്ന് സമാരയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്ന ഇംഗ്ലണ്ടിനോടും സ്വീഡനോടും ഈ മത്സരത്തിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല. ഏതു ടീം സെമിയിലെത്തിയാലും അതിന് പ്രത്യേകതയുണ്ട്. കാരണം ഇരുടീമും കഴിഞ്ഞ കാല് നൂറ്റാണ്ടായി ലോക ഫുട്ബോളില്‍ വലിയ അദ്ഭുതമൊന്നും കാണിച്ചിട്ടില്ല.
1990ല്‍ നാലാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് പിന്നീട് നടന്ന ലോകകപ്പുകളില്‍ ക്വാര്‍ട്ടറിനപ്പുറം കടക്കാനായിട്ടില്ല. സ്വീഡന്റെ കാര്യത്തിലുംഇതേപോലെ തന്നെയാണ് കാര്യങ്ങള്‍ 1994ല്‍ മൂന്നാം സ്ഥാനത്തെത്തിയശേഷം അവര്‍ക്കും ലോക ഫുട്ബോളില്‍ ഒന്നും ചെയ്യാനായിട്ടില്ല.
പരിചയക്കുറവ്
ഗാരത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് ടീമിന് പരിചയസമ്പത്തിന്റെ കുറവുണ്ട്. വലിയ മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളവര്‍ ഈ ടീമിലില്ല. എന്നാല്‍ താരങ്ങളുടെ മികവുകൊണ്ട് സ്വീഡനെ കടക്കാമെന്നാണ് പ്രതീക്ഷകള്‍. ഇതുകൊണ്ടുതന്നെ ഇംഗ്ലീഷ് ആരാധകര്‍ക്ക് 52 വര്‍ഷത്തിനുശേഷം ഒരിക്കല്‍ക്കൂടി കിരീടം പ്രതീക്ഷിക്കാം. എന്നാല്‍, സ്വീഡന് മോശക്കാരല്ല. പരിചയസമ്പത്തുള്ള കളിക്കാരുണ്ട്.
മുന്നേറ്റത്തിനു വേഗമുണ്ടെന്ന് ജര്‍മനിക്കെതിരേയും മെക്സിക്കോയ്ക്കെതിരേയുമുള്ള മത്സരങ്ങള്‍ തെളിയിച്ചു. ടൂര്‍ണമെന്റുകളില്‍ ഇംഗ്ലണ്ടിനെതിരേ സ്വീഡന് മികച്ച റിക്കാര്‍ഡാണുള്ളത്. എട്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ സ്വീഡന് തോറ്റിട്ടുള്ളൂ. തുറന്ന അവസരങ്ങള്‍ ഗോളാക്കുന്നതില്‍ പിഴവുകാണിക്കുന്നവരാണ് ഇംഗ്ലണ്ട്. നേടിയ ഒമ്പത് ഗോളില്‍ ഏഴെണ്ണം സെറ്റ് പീസുകളില്നിന്നും പെനല്റ്റികളില്നിന്നും വന്നതാണ്.
പ്രതീക്ഷ
ഇംഗ്ലണ്ട് ടീമിന് പ്രതീക്ഷകളുടെ വലിയ ഭാരമാണുള്ളത്. മേയില്‍ നടന്ന രാജകീയവിവാഹം ടെലിവിഷനിലൂടെ കണ്ടവരെക്കാള്‍ കൂടുതലാണ് ഇംഗ്ലണ്ടിന്റെ ഓരോ മത്സരവും കാണുന്നത്. 52 വര്‍ഷത്തിനുശേഷം ലോക കിരീടമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. സ്വീഡന് പ്രതീക്ഷയുടെ ഭാരം കുറവുണ്ട്. വലിയ മത്സരങ്ങള്‍ കളിച്ചാണ് ഇതുവരെയെത്തിയത്.
ഒത്തിണക്കം
കഴിഞ്ഞ ലോകകപ്പുകളിലൊന്നും കാണാത്ത ഒത്തിണക്കം ഇംഗ്ലീഷ് ടീമിനുണ്ട്. വലിയ താരങ്ങളുടെ പേരുകള്‍ ഇല്ലാത്തതുകൊണ്ടുകൂടിയാണ് ഒത്തിണക്കം കൂടിയത്. നായകന് ഹാരി കെയ്ന്റെ ഗോളടി മികവിലാണ് പ്രതീക്ഷകള്‍. സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിച്ചശേഷം സ്വീഡിഷ് ടീമിനും വലിയൊരു ഒത്തിണക്കമുണ്ടായി.
ഇംഗ്ലണ്ട്
ഗ്രൂപ്പ് ജി രണ്ടാം സ്ഥാനം
പ്രീക്വാർട്ടർ: ഇംഗ്ലണ്ട് 1,
കൊളംബിയ 1 (ഷൂട്ടൗട്ട് 4-3)
കളികൾ: 04
അടിച്ച ഗോൾ: 09
വഴങ്ങിയ ഗോൾ: 04
ഗോൾ ഷോട്ട്: 17
പെനൽറ്റി: 03
ഓഫ് സൈഡ്: 11
കോർണർ: 24
നടത്തിയ ഫൗൾ: 46
വഴങ്ങിയ ഫൗൾ: 60
മഞ്ഞക്കാർഡ്: 04
സ്വീഡൻ
ഗ്രൂപ്പ് എഫ് ഒന്നാം സ്ഥാനം
പ്രീക്വാർട്ടർ: സ്വീഡൻ 1,
സ്വിറ്റ്സർലൻഡ് 0
കളികൾ: 04
അടിച്ച ഗോൾ: 06
വഴങ്ങിയ ഗോൾ: 02
ഗോൾ ഷോട്ട്: 18
പെനൽറ്റി: 02
ഓഫ് സൈഡ്: 04
കോർണർ: 15
നടത്തിയ ഫൗൾ: 55
വഴങ്ങിയ ഫൗൾ: 57
മഞ്ഞക്കാർഡ്: 06