കോട്ടയം: സപ്ലൈകോ ഔട്ട്ലറ്റുകളില് വീണ്ടും ശൂന്യത. ഷെല്ഫുകളും പെട്ടികളും ചാക്കുകളും കാലി.ഓണത്തിന് മാനക്കേടുണ്ടാകാതിരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് പരിമിതമായ അളവില്‍ സാധനങ്ങള്‍ എത്തിച്ചതല്ലാതെ പിന്നീട് എല്ലാ ഇനങ്ങളുടെയും സ്റ്റോക്ക് വന്നിട്ടില്ല. ക്രിസ്മസ്, പുതുവത്സരത്തിന് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട. സാധനങ്ങളുടെ വിതരണക്കാര്‍ക്ക് ഇനിയും കൊടുത്തുതീര്‍ക്കാനുള്ളത് 600 കോടി രൂപയാണ്.
13 ഇനം സാധനങ്ങളാണ് സബ്സിഡി നിരക്കില്‍ സപ്ലൈകോയില്‍ ലഭിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരാഴ്ച പോലും എല്ലാ ഇനങ്ങളും ഒരു കടയിലും ഒരുമിച്ച് വാങ്ങാന്‍ സാധിച്ചിട്ടില്ല. ലഭ്യമായ ഇനങ്ങളില്‍ പലതും അരക്കിലോ വീതവും.
നിലവില്‍ അരി മാത്രം എല്ലായിടത്തും സുലഭമാണ്. ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ മിക്ക ഔട്ട്ലറ്റുകളിലുമില്ല. പൊതുവിപണിയില്‍ ഈ സാധനങ്ങള്‍ക്ക് വില കുത്തനെ കയറുകയാണ്. വെളിച്ചെണ്ണ കിലോയ്ക്ക് 250 രൂപയിലെത്തി.
കുടിശിക നല്കാത്തതിനാല് മൊത്ത വിതരണക്കാര്‍ ഒരു മാസമായി സാധനങ്ങള്‍ എത്തിക്കുന്നില്ല. ഓണത്തിന് 500 കോടി സിവില്‍ സപ്ലൈസ് വകുപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ അനുവദിച്ചത് 225 കോടി രൂപയാണ്. എന്നാല്‍ ഇതുവരെ നല്കിയതാവട്ടെ 125 കോടി മാത്രം. പയര്‍, പഞ്ചസാര, മല്ലി, മുളക് എന്നിവ തീര്‍ന്നിട്ട് രണ്ടു മാസം പിന്നിടുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചതോടെ പൊതുവിപണിയെക്കാള്‍ 30 ശതമാനം വരെ കുറവേ നിലവില്‍ സബ്സിഡി സാധനങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ. എല്ലാ സാധനങ്ങളും മിനിമം അളവില്‍ ലഭ്യമല്ലാത്തതിനാല്‍ ചെറിയ ഇളവിനായി പലരും സപ്ലൈകോയെ ആശ്രയിക്കുന്നില്ല. ഏറെ കടകളും വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. വാടക മുടങ്ങിയതിനാല്‍ ഉടമകള്‍ കടയൊഴിയണമെന്ന് ആവശ്യപ്പെടുകയാണ്.